മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്, ക്യൂവില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണം: എം.വി.ജയരാജന്‍

കണ്ണൂര്‍: മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. വോട്ടെടുപ്പിനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും പോളിംഗ് ഏജന്റിന് തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള വസ്ത്രം മാത്രമേ ധരിക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് റീപോളിംഗ് നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് ജയരാജന്‍റെ പ്രതികരണം. കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏഴിടങ്ങളില്‍ ഞായറാഴ്ച റീപോളിംഗ് നടത്തുകയാണ്. ക്യാമറയില്‍ മുഖം വ്യക്തമാകുന്ന രീതിയിലേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറുണ്ടോയെന്നും ജയരായന്‍ ചോദിച്ചു. ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഇപ്പോള്‍ യു.ഡി.എഫ് ജയിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് വിജയിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം, കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.ശ്രീമതിയും ജയരാജന്‍റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ശരീരമാകെ മറച്ചിരിക്കുന്നതിനാല്‍ വോട്ട് ചെയ്യാനെത്തുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നുപോലും തിരിച്ചറിയാനാകില്ലെന്ന് ശ്രീമതി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. അതുകൊണ്ടാണ് ജയരാജന്‍ മുഖാവരണം നീക്കണമെന്ന് പറഞ്ഞത്. ഇത് മതപരമായ അധിക്ഷേപമല്ലെന്നും ശ്രീമതി വ്യക്തമാക്കി. 

എന്നാല്‍ കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാവില്ലെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു. റീ പോളിംഗ് ഇടത് മുന്നണിയെ തുണക്കും. ആരുടെയെങ്കിലും സമ്മര്‍ദഫലമായാണോ ധര്‍മടത്ത് റീപോളിംഗ് പ്രഖ്യാപനം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൈകിച്ചതെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

prp

Leave a Reply

*