തിരുവനന്തപുരം: മോന്സന് മാവുങ്കലിന്റെ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് സര്‍ക്കാരും സിപിഎമ്മും ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
മോന്സണ് മാവുങ്കല്‍ ആധികാരിക രേഖയെന്ന പേരില്‍ ചെമ്ബോല നിര്‍മിച്ചത് ശബരിമലയെ തകര്‍ക്കാനെന്ന് സുരേന്ദ്രന് പറഞ്ഞു. മതസ്പര്‍ധ ഉണ്ടാക്കുന്ന നീക്കമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ പുരാവസ്തു നല്കി വഞ്ചിച്ചതിന് മോന്സണ് മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ച്. ഇതോടെ മോന്‍സണെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അഞ്ച് ആയി.
പുതിയ കേസ് കിളിമാനൂര്‍ സ്വദേശി സന്തോഷ് നല്കിയ പരാതിയിലാണ്. പുരാവസ്തു നല്കി വഞ്ചിച്ചെന്നാണ് പരാതി.
ക്രൈം ബ്രാഞ്ച് മോന്സണ് മാവുങ്കലിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്. പാലാ സ്വദേശി രാജീവിന്റെ പരാതിയില്‍ ചോദ്യം ചെയ്യുന്നതിനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.
