ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്കിയ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം പരിഗണിക്കുന്ന സമിതി അംഗം അശോക് ലവാസ കമ്മീഷന്റെ യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
പെരുമാറ്റ ചട്ടലംഘന പരാതികളില്‍ ഏകപക്ഷീയമായാണ് മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതെന്നാണ് ലവാസയുടെ നിലപാട്. ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ ലവാസ നേരത്തേ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവില്‍ അത് ഉണ്ടായിരുന്നില്ലെന്നും ലവാസ വ്യക്തമാക്കുന്നു.
പെരുമാറ്റ ചട്ടലംഘന പരാതികള്‍ പരിഗണിക്കുന്ന ചീഫ് ഇലക്ഷന് കമ്മീഷണര്‍ സുനില്‍ അറോറ അടങ്ങുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ. അതേസമയം. ലവാസയുടെ വിയോജിപ്പ് പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഭജിക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.