മുഖ്യമന്ത്രി രവീന്ദ്രനെ കയ്യൊഴിയുമോ? പ്രതിരോധിക്കാന്‍ പറ്റാത്ത വിധം അമ്മിഞ്ഞപ്പാല്‍ ചാറ്റില്‍ കുടുങ്ങിയ രവീന്ദ്രനെ കൈവിടുക മാത്രം പോംവഴി

തിരുവനന്തപുരം: പ്രതിരോധിക്കാന്‍ പറ്റാത്ത വിധം ആരോപണത്തില്‍ കുടുങ്ങിയാല്‍ അനുയായിയെ കൈവിടുക എന്നതാണ് മുഖ്യമന്ത്രിയുടെ രീതി.

ഒന്നാം മന്ത്രിസഭയില്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സ്വര്‍ണ്ണക്കടത്ത്-ഖുറാന്‍ ആരോപണങ്ങളില്‍ കുടങ്ങിയ കെ.ടി.ജലീല്‍ തുടങ്ങിയവരെ വിശ്വസ്തരെങ്കിലും മുഖ്യമന്ത്രി കൈവിട്ടത് അങ്ങിനെയാണ്.

അമ്മിഞ്ഞപ്പാല്‍ ചാറ്റ് പുറത്തുവന്നതോടെ സി.എം. രവീന്ദ്രനും പ്രതിരോധങ്ങളില്ല. ലൈഫ് മിഷന്‍പദ്ധതിയില്‍ അദ്ദേഹത്തിന് ആഴത്തില്‍ പങ്കുണ്ടെന്ന് ശിവശങ്കറിന്‍റെയും സ്വപ്ന സുരേഷിന്‍റെയും യു.വി. ജോസിന്‍റെയും മൊഴികള്‍ ഇഡിയുടെ പക്കല്‍ ഉണ്ട്. 2020ല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യവേ സ്വപ്നയെ അറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ സി.എം.രവീന്ദ്രന് ഇക്കുറി ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസില്‍ എളുപ്പം തലയൂരാന്‍ സാധിക്കില്ല. പ്രതിരോധിക്കാന്‍ പറ്റാത്ത വിധമാണ് അദ്ദേഹവും സ്വപ്നസുരേഷും തമ്മില്‍ നടത്തിയ അതിരുവിട്ട അര്‍ധരാത്രി ചാറ്റുകള്‍ പുറത്തുവന്നിരിക്കുന്നത്. ലൈഫ് മിഷന് നല്‍കപ്പെട്ട കോഴയെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ഇഡിയുടെ പക്കലുണ്ട്. സ്വപ്നയുടെ ലോക്കറില്‍ നിന്നും ലഭിച്ച ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കോഴത്തുകയാണ്. 4.5 കോടി രൂപയുടെ കോഴ കൈമാറിയിട്ടുണ്ട്. ഇനി ബാക്കി 3.5 കോടി എവിടെയാണ്? ലൈഫ് മിഷന്‍ സംബന്ധിച്ച്‌ രവീന്ദ്രനെ കാണണമെന്ന് ശിവശങ്കര്‍ നിര്‍ദേശിച്ചതിന്‍റെചാറ്റ് ഉണ്ട്. ഇത് സംബന്ധിച്ചെല്ലാം നിര്‍ണ്ണായക വിവരങ്ങള്‍ രവീന്ദ്രനില്‍ നിന്നും എടുക്കാന്‍ കഴിയുമെന്ന് ഇഡി പ്രതീക്ഷിക്കുന്നു.

എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് മുന്നില്‍ ശിവശങ്കരനെപോലെ പിടിച്ചു നില്‍ക്കാന്‍ സി എം രവീന്ദ്രന് കഴിഞ്ഞേക്കില്ലന്നും അത് കൊണ്ട് ചോദ്യം ചെയ്യല്‍ പരമാവധി നീട്ടിക്കൊണ്ടുപോകണമെന്നും മുഖ്യമന്ത്രിക്ക് ലഭിച്ച വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിനാണ് സി എം രവീന്ദ്രന്‍ ഇന്ന് ഹാജാരാകാതിരുന്നത് എന്ന് പറയുന്നു. ഇനി അഥവാ ചോദ്യം ചെയ്യലിന് വിട്ടുകൊടുക്കേണ്ടി വന്നാല്‍ തന്നെ എങ്ങിനെ ഉത്തരങ്ങള്‍ പറയണം എന്ന് ഈ വിലപ്പെട്ട സമയം പ്രയോജനപ്പെടുത്തി പഠിപ്പിക്കാനും അണിയറയില്‍ ശ്രമം നടക്കുന്നതായി പറയുന്നു. കാരണം സി.എം. രവീന്ദ്രന്‍ പിണറായിയുടെ സന്തതസഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്. ചോര്‍ന്നാല്‍ എല്ലാം ചോരും.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൂടി അറിവോടെയാണ് ഇ ഡി ക്ക് മുമ്ബില്‍ ഹാജരാകണ്ട എന്ന തീരുമാനത്തില്‍ രവീന്ദ്രന്‍ എത്തുന്നതും ഇഡിയ്ക്ക് ഇ-മെയിലില്‍ മറുപടി അയച്ചതും. നിയമസഭാ സമ്മേളനം ഉള്ളതിനാല്‍ ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ലന്നാണ് രവീന്ദ്രന്‍ ഇ ഡിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിയമസഭാ സമ്മേളനത്തിന്‍റെ വിശേഷാധികാരം എം എല്‍ എ മാര്‍ക്ക് മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത് സഭ കഴിയുന്നതുവരെ അംഗീകരിച്ചുകൊടുക്കാന്‍ ഇ ഡിയ്ക്ക് ആവില്ല. മൂന്ന് തവണ നോട്ടീസ് കൊടുത്തിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് എന്നാണ് ഇഡി പദ്ധതിയിടുന്നതെന്നറിയുന്നു. അതേ സമയം എന്തുവില കൊടുത്തും രവീന്ദ്രന്‍റെ അറസ്റ്റ് തടയാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ശിവശങ്കരന്‍ ഇ ഡി ക്ക് കൊടുത്തിരിക്കുന്ന മൊഴികളെക്കുറിച്ച്‌ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഭയമുണ്ട്.

prp

Leave a Reply

*