എം ഐ ഷാനവാസ് എംപി അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാനവാസിന്‍റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസം അണുബാധയെത്തുടര്‍ന്ന് വഷളാവുകയായിരുന്നു.

അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്‍റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്‍റെ ജനനം. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോഴിക്കോട് ഫാറൂഖ് കോളെജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും നേടി. 1972-73 കാലത്ത് കാലിക്കറ്റ് സര്‍വകലാശാല ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ്, 1983ല്‍ കെപിസിസി ജോയിന്‍റ് സെക്രട്ടറി, 1985ല്‍ കെപിസിസി വൈസ് പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

1987ലും 1991ലും വടക്കേക്കരയിലും 1996ല്‍ പട്ടാമ്പിയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 1999ലും 2004ലും ചിറയന്‍കീഴ് ലോക്‌സഭമണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2009ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. 1,53,439 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്.

2010 ല്‍ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനിന്നു. നീണ്ട ചികില്‍സകള്‍ക്ക് ശേഷം പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി. 2014ലെ തെരഞ്ഞെടുപ്പില്‍ 20870 വോട്ടുകള്‍ക്ക് വിജയം ആവര്‍ത്തിച്ചു. നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൂടിയാണ് അദ്ദേഹം.

മൃതദേഹം ഇന്ന് കൊച്ചിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് എറണാകുളം തൊട്ടത്തുംപടി പള്ളിയില്‍ നടക്കും. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കള്‍.

prp

Related posts

Leave a Reply

*