ലീഗ് മാറിച്ചിന്തിക്കണം; വൈകിയാല്‍ പതനം വേഗത്തിലാകും -ഇ.പി ജയരാജന്‍

മലപ്പുറം: മുസ്‌ലിം ലീഗിനെ പരോക്ഷമായി ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച്‌ എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനോ രാജ്യത്തെ രക്ഷിക്കാനോ ഇനി കോണ്‍ഗ്രസിനാകില്ല. മുസ്‌ലിം ലീഗ് മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാളികാവില്‍ സഖാവ് കുഞ്ഞാലിയുടെ 53ാം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

മുസ്‍ലിം ലീഗിന്‍റെ രാഷ്ട്രീയ തകര്‍ച്ചയുടെ പാപ്പരത്തമാണ് ഇപ്പോള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. പുതിയ കാലത്തിനനുസരിച്ച്‌ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ലീഗിന് നല്ലതാണ്. മാര്‍ക്സിസ്റ്റ് വിരോധം മനസ്സില്‍ വെച്ച്‌ പ്രവര്‍ത്തിച്ചാല്‍ ഒന്നും നേടാനാകില്ല. മണ്‍മറഞ്ഞ ലീഗിന്‍റെ നേതാക്കള്‍ മതനിരപേക്ഷതയെക്കുറിച്ച്‌ ചിന്തിച്ചവര്‍ ആയിരുന്നു. ആ വഴിയേക്കുറിച്ച്‌ ചിന്തിക്കണം. മാറിച്ചിന്തിക്കാന്‍ വൈകിയാല്‍ ലീഗിന്റെ പതനം വേഗത്തിലാകും.

കോണ്‍ഗ്രസും ബി.ജെ.പിയും ചില മാധ്യമങ്ങളും ഇ.ഡിയെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. അതാണ് കേരളത്തില്‍ നടക്കുന്ന കോലാഹലങ്ങള്‍. ഇ.ഡിക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നടത്തിയ സമരങ്ങളിലെ മുദ്രാവാക്യവും പിണറായിക്കും സംസ്ഥാന സര്‍ക്കാറിനുമെതിരെയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ, മുസ്‍ലിം ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചതിന് ഇ.പി ജയരാജന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. പ്രസ്താവന അനവസരത്തിലായെന്നും ശ്രദ്ധ വേണമെന്നായിരുന്നു മുന്നറിയിപ്പ്.

prp

Leave a Reply

*