നോക്കുകുത്തിയാകുന്ന പി.എസ്.സി, ജനങ്ങളെ വിഡ്ഢികളാക്കുന്ന സര്‍ക്കാര്‍; ഇടതിന് നിലപാടെന്നത് മാറിക്കയറാവുന്ന ബസ് പോലെ?

സമരം കേന്ദ്ര സര്‍ക്കാരിനെതിരെയെങ്കില്‍ ചര്‍ച്ചയ്ക്കായി വകുപ്പ് മന്ത്രിമാരോ, പ്രധാനമന്ത്രിയോ നേരിട്ടെത്തണം. സമരം കേരള സര്‍ക്കാരിനെതിരെയെങ്കില്‍ ചര്‍ച്ചയ്ക്ക് കുട്ടി നേതാക്കന്മാരോ, ഉദ്യോഗസ്ഥരോ ആയാലും കുഴപ്പമില്ല. കേരളത്തിലെ ഇടത് രാഷ്ട്രീയ നേതാക്കള്‍ക്ക് നിലപാടെന്നത് മാറിക്കയറാവുന്ന ബസ് പോലെയാണ്. ഇന്ന് പറയുന്നത് മാറ്റിപ്പറയാന്‍ ഇരുട്ടി വെളുക്കുന്ന സമയം മതി.

കാര്‍ഷിക ബില്ലിനെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്നവരോട് പ്രശ്നപരിഹാരത്തിനായി വകുപ്പ് മന്ത്രിമാര്‍ നേരിട്ട് ചര്‍ച്ചകള്‍ നയിക്കുമോള്‍, സംസ്ഥാനത്ത് പി.എസ്.സി റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം ഒത്തു തീര്‍ക്കുന്നതിനായി ഭരണ കക്ഷിയുടെ യുവജന സംഘടനാ നേതാക്കളെയും, ഉദ്യോഗസ്ഥരെയും ഏല്പിച്ച്‌ വേണ്ടപ്പെട്ടവരുടെ പിന്‍വാതില്‍ നിയമനത്തിലേര്‍പ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.

സമരം ഒരു മാസത്തോടടുക്കുമ്ബോഴും സമരക്കാരോട് ചര്‍ച്ചയ്ക്ക് പോലും കൂട്ടാക്കാതെ അവരെയെല്ലാം എതിര്‍ പാര്‍ട്ടിക്കാര്‍ എന്ന് അടച്ചാക്ഷേപിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വകുപ്പ് മന്ത്രിമാരോ മുഖ്യമന്ത്രിയോ സമരക്കാരെ കാണുന്നതിനോ ചര്‍ച്ചയ്‌ക്കോ തയ്യാറാകുന്നില്ല. വസ്തുതകള്‍ നിരത്തിയുള്ള സമരക്കാരുടെ ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് മന്ത്രിമാര്‍. പ്രതിപക്ഷത്തിന്റെ തെറ്റിദ്ധാരണകളില്‍ കുടുങ്ങിയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ റാങ്ക് ലിസ്റില്‍ പെടാത്ത ആള്‍ക്കാര്‍ ചെയ്യുന്ന സമരം എന്നാണ് ധനമന്ത്രി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞത്. കേന്ദ്രത്തിനെതിരെ നടക്കുന്നത് കര്‍ഷക സമരമെന്ന് അവകാശപ്പെടുന്നവര്‍ കേരളത്തില്‍ സമരം ചെയ്യുന്നത് ഉദ്യോഗാര്‍ഥികളാണെന്ന് അംഗീകരിക്കുന്നില്ല.

ലിസ്റ്റില്‍ വന്നവരെല്ലാം എതിര്‍ രാഷ്ട്രീയക്കാരാണെങ്കില്‍ പി.എസ്.സി യുടെ ആവശ്യമെന്താണെന്നാണ് ജനം ചോദിക്കുന്നത്. സ്വന്തം കക്ഷിയില്‍ പെട്ടവര്‍ പരീക്ഷ പാസാകാഞ്ഞതിനാലാണോ താല്‍ക്കാലിക ജീവനക്കാര്‍ എന്ന പേരില്‍ പിന്‍വാതില്‍ നിയമനം നടത്തി വേണ്ടപ്പെട്ടവര്‍ക്ക് ജോലി ഉറപ്പാക്കുന്നത് എന്നും ജനം ചോദിക്കുന്നു. ആറ് മാസത്തിലേറെയായി താല്‍ക്കാലിക ജീവനക്കാര്‍ ജോലിചെയ്യുന്ന തസ്തികകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം.

മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം വാച്ചര്‍ മാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കി കുറയ്ക്കണം എന്നതാണ് മറ്റൊരാവശ്യം.
സമരം നടത്തുന്നത് ഒരു വ്യക്തിയുടെ ആവശ്യത്തിന് വേണ്ടിയല്ല മറിച്ച്‌ ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനും, ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണെന്ന് മനസ്സിലാക്കുന്ന ഭരണകര്‍ത്താക്കളല്ലെങ്കില്‍ അഭ്യസ്ത വിദ്യരായ യുവ ജനങ്ങള്‍ വ്യത്യസ്ത സമരമുറകളുമായി തെരുവില്‍ നില്‍ക്കുന്നത് വരും കാലങ്ങളിലും സാക്ഷര കേരളത്തിന് കാണേണ്ടിവരും

prp

Leave a Reply

*