35 ഇന കര്‍മ്മ പദ്ധതികളുള്‍പ്പെടുത്തി എല്‍.ഡി.എഫിന്‍റെ പ്രകടന പത്രിക പുറത്തിറക്കി. വ്യാവസായിക, ആരോഗ്യ,വിദ്യാഭ്യാസ, പരിസ്ഥിതി മേഖലകളില്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ് പ്രകടന പത്രിക. ഇവയെ അടിസ്ഥാനമാക്കി 600 നിര്‍ദേശങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ, അഴിമതി രഹിത, വികസിത കേരളം എന്നതാണ് പ്രകടനപത്രികയിലെ ലക്ഷ്യം.

എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് പ്രകടന പത്രിക ഔദ്യോഗികമായി പുറത്തിറക്കിയത്.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍
- എല്ലാവര്‍ക്കും ഭക്ഷണം,പാര്‍പ്പിടം
- മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കുന്നതിന് നയം രൂപീകരിക്കും. മദ്യ വര്‍ജ്ജനം പ്രോത്സാഹിപ്പിക്കും. സാക്ഷരത മിഷന്റെ മാതൃകയില്‍ മദ്യ വര്‍ജ്ജനത്തിനായി പ്രത്യേക സംഘടന
- പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കും. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിലവില്‍ വരും
- 2500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും
- വിജിലന്‍സിനെ സ്വതന്ത്രമാക്കും
- 25 ലക്ഷം പേര്‍ക്ക് തൊഴില്‍. ഐടി, ടൂറിസം, ഇലക്ട്രോണിക്സ് മേഖലകളില്‍ അവസരം. 1500 സ്റ്റാര്‍ട്ടപ്പുകള്‍
- അഞ്ച് വര്‍ഷം വിലക്കയറ്റമില്ലാത്ത പൊതുവിപണി
- പൊതുമേഖലയെ പുനരുദ്ധരിക്കും. ഉത്പാദന ശേഷിയില്‍ 50 % വര്‍ധനവ് ലക്ഷ്യം
- വാതക പൈപ്പ് ലൈന്‍ പൂര്‍ത്തീകരിക്കും
- കെല്‍ട്രോണ്‍ പുനരാരംഭിക്കും. ഇലക്ട്രോണിക്സ് രംഗത്ത് കേരളത്തെ ദേശീയ ഹബായി മാറ്റും
- നാളികേരം, റബര്‍ തുടങ്ങിയ കാര്‍ഷിക വിളകളുടെ മൂല്യവര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കും
- തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് മെട്രോ സിറ്റികളാക്കും
- കര്‍ഷകര്‍ക്ക് ക്ഷേമ പദ്ധതികള്‍. മിനിമം വരുമാനം ഉറപ്പാക്കും
- പഞ്ചായത്തുകളില്‍ ലേബര്‍ ബാങ്ക്
- കേരളത്തില്‍ സ്മാര്‍ട്ട് റോഡുകള്‍. ജലപാത നിര്‍മാണം പൂര്‍ത്തീകരിക്കും
- നിര്‍ദിഷ്ട റയില്‍വേ ലൈന്‍ പൂര്‍ത്തീകരിക്കും. രണ്ട് വരി റയില്‍വേ പാത നാല് വരിയാക്കാന്‍ പ്രത്യേക കമ്പനി
- കേരളത്തെ വൃത്തിയുള്ള സംസ്ഥാനമാക്കും.
- ദേശീയപാത നാല് വരിയാക്കും. ദേശീയ ജലപാത പൂര്‍ത്തികരിക്കും
- ഭൂരഹിതര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് കിടപ്പാടം.
- ആരോഗ്യ മേഖലയില്‍ സ്റ്റാഫ് പാറ്റേണ്‍ പുനപരിശോധിക്കും. ജീവനക്കാരെ ഇരട്ടിയാക്കും
- നവീന ഹൃദയ ശസ്ത്രക്രിയ സംവിധാനങ്ങള്‍
- താലൂക്ക് ആസ്പത്രികളില്‍ അര്‍ബുദ രോഗ ചികിത്സാ കേന്ദ്രം
- 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്ക് ആക്കും.
- സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കും
- ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം തുടങ്ങും
- കുടുംബശ്രീക്ക് നാല് ശതമാനം നിരക്കില്‍ പലിശ
- വിദേശത്ത് നിന്ന് തിരിച്ച് വരുന്നവര്‍ക്ക് തൊഴില്‍
- ജില്ലാ സംസ്ഥാന ബാങ്കുകളെ സംയോജിപ്പിച്ച് പുതിയ ബാങ്ക്
- അഴിമതിക്ക് അന്ത്യം കുറിക്കും
- പി.എസ്.സി അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമം
- ഭരണ, കോടതി ഭാഷകള്‍ മലയാളമാക്കും
- മെഡിക്കല്‍, എന്‍ജി. പ്രവേശ പരീക്ഷകള്‍ മലയാളത്തില്‍. ബിരുദം വരെ മലയാള പഠനം നിര്‍ബന്ധം
