തകര്‍പ്പന്‍ നീക്കവുമായി ലക്നൗ ഫ്രാഞ്ചൈസി; പരിശീലകരായി നോട്ടമിട്ടിരിക്കുന്നത് ഈ 2 വമ്ബന്മാരെ

മുന്‍ ഇന്ത്യന്‍ പരിശീലകനായ ഗാരി കിര്‍സ്റ്റണേയും, മുന്‍ ഇന്ത്യന്‍ പേസറായ ആശിഷ് നെഹ്‌റയേയും തങ്ങളുടെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ഐപിഎല്ലിലേക്ക് പുതുതായെത്തുന്ന ലക്നൗ ഫ്രാഞ്ചൈസിക്ക് താല്പര്യമുണ്ടെന്നും, ഈ താല്പര്യവുമായി രണ്ട് പേരെയും അവര്‍ സമീപിച്ചെന്നും റിപ്പോര്‍ട്ട്.

എന്നാല്‍ ലക്നൗ ഫ്രാഞ്ചൈസിയില്‍ നിന്ന് ഓഫര്‍ വന്നെങ്കിലും കിര്‍സ്റ്റണോ, നെഹ്‌റയോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ലെന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസം ക്രിക്ബസാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

2011 ലെ ഏകദിന ലോകകപ്പില്‍ കിരീടം ചൂടുമ്ബോള്‍ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്നു മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരമായ ഗാരി കിര്‍സ്റ്റണ്‍. ഈ ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് നെഹ്റ‌. കളിക്കളത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം പരിശീലക രംഗത്തേക്ക് തിരിഞ്ഞ നെഹ്‌റക്ക് ഐപിഎല്ലിലും പരിശീലകനായി പ്രവര്‍ത്തിച്ച്‌ പരിചയമുണ്ട്.

അതേ സമയം 2015 ല്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായാണ് ഗാരി കിര്‍സ്റ്റണ്‍ ഐപിഎല്ലിലെ തന്റെ പരിശീലക കരിയറിന് തുടക്കമിടുന്നത്. എന്നാല്‍ ദയനീയ പ്രകടനമായിരുന്നു കിര്‍സ്റ്റണ് കീഴില്‍ ഡെല്‍ഹി കാഴ്ച വെച്ചത്. 2015, 2016 സീസണില്‍ കിര്‍സ്റ്റന്റെ പരിശീലനത്തിന് കീഴില്‍ ഐപിഎല്ലിനിറങ്ങിയ ഡെല്‍ഹി, ഈ സമയത്ത് കളിച്ച 28 മത്സരങ്ങളില്‍ 20ലും തോറ്റു. തുടര്‍ന്ന് ഒരു വര്‍ഷം ഐപിഎല്ലില്‍ നിന്ന് വിട്ടു നിന്ന അദ്ദേഹം 2018 ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലകനായി വീണ്ടും ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തി. എന്നാല്‍ രണ്ട് വര്‍ഷം ബാംഗ്ലൂരിനൊപ്പം പ്രവര്‍ത്തിച്ചെങ്കിലും അവിടെയും കാര്യമായ നേട്ടങ്ങളിലേക്ക് ടീമിനെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അതേ സമയം കിര്‍സ്റ്റണ്‍, ബാംഗ്ലൂരിന്റെ പരിശീലകനായിരുന്ന സമയത്ത് നെഹ്റയും ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നു. അത് കൊണ്ടു തന്നെ ഇരുവരും ലക്നൗ ടീമിന്റെ പരിശീലക സംഘത്തിലേക്ക് കടന്നു വരുകയാണെങ്കില്‍ അത് അവര്‍ക്കൊരു റീയൂണിയന്‍ കൂടിയായിരിക്കും.

prp

Leave a Reply

*