ഭൂകമ്ബ ബാധിതര്‍ക്ക് ആശ്വാസമായി കുവൈത്ത്

കുവൈത്ത് സിറ്റി: തുര്‍ക്കിയയിലെയും സിറിയയിലെയും ഭൂകമ്ബത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി കുവൈത്ത് ജനത.

ദുരന്തം സംഭവിച്ചതിന് പിറകെ ആദ്യ 24 മണിക്കൂറിനുള്ളില്‍ ഒരു കോടി ഡോളര്‍ സഹായം നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും സ്വകാര്യ കൂട്ടായ്മകളുമല്ലാം സഹായ വാഗ്ദാനവുമായി രംഗത്തുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സഹായം എത്തിക്കാര്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉത്തരവിട്ടിരുന്നു.

സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിസഭ സാമൂഹികകാര്യ മന്ത്രിയെ ചുമതലപ്പെടുത്തി. ചൊവ്വാഴ്ച കുവൈത്തില്‍നിന്ന് ആദ്യ വിമാനം പുറപ്പെട്ടു. കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരുകയാണ്. തുര്‍ക്കിയയിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിന് ഒരു വിമാനം അനുവദിക്കാന്‍ സാമൂഹികകാര്യ മന്ത്രാലയം പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരു രാജ്യങ്ങളെയും സഹായിക്കാനായി രാജ്യവ്യാപകമായി നടത്തുന്ന കാമ്ബയിനിലേക്ക് സംഭാവന നല്‍കുന്നതിന് 30 ചാരിറ്റികളില്‍നിന്നും ഏജന്‍സികളില്‍നിന്നുമുള്ള അപേക്ഷകള്‍ സാമൂഹികകാര്യ, കമ്യൂണിറ്റി വികസന മന്ത്രാലയം അംഗീകരിച്ചു. സഹായം അയക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി സമ്ബൂര്‍ണ സഹകരണത്തിനും സംയോജനത്തിനും മന്ത്രി മായ് അല്‍ ബാഗ്‍ലി ഉത്തരവിട്ടു.

തുര്‍ക്കിയയിലെ സിറിയന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദുരിതം ലഘൂകരിക്കുന്നതിന് പെട്ടെന്നുള്ള ഇടപെടലിനും മന്ത്രാലയം പരിശ്രമിക്കുന്നു.

വിദേശകാര്യമന്ത്രി തുര്‍ക്കിയ മന്ത്രിയെ ഫോണില്‍ വിളിച്ചു

കുവൈത്ത് സിറ്റി: ബുധനാഴ്ച അമീരി ദിവാന്‍ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ മുബാറക് അല്‍ സബലിന്റെ സാന്നിധ്യത്തില്‍ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ് തുര്‍ക്കിയ വിദേശകാര്യമന്ത്രി മെവ്‌ലൂത് കാവുസോഗ്ലുമായി ഫോണ്‍ സംഭാഷണം നടത്തി. സംഭാഷണത്തില്‍, കുവൈത്തിലെ രാഷ്ട്രീയ നേതൃത്വത്തിനും സര്‍ക്കാറിനും ജനങ്ങള്‍ക്കും വേണ്ടി ശൈഖ് സലീം തുര്‍ക്കിയ സര്‍ക്കാറിനും ജനങ്ങള്‍ക്കും ആത്മാര്‍ഥമായ അനുശോചനം അറിയിച്ചു. മരിച്ചവര്‍ക്ക് ഉന്നത പദവികള്‍ ലഭിക്കട്ടെയെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പ്രാര്‍ഥിച്ചു. തുര്‍ക്കിയയിലേക്ക് അടിയന്തര സഹായങ്ങള്‍ അയക്കുന്നത് സംബന്ധിച്ച അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് നിര്‍ദ്ദേശങ്ങള്‍ മന്ത്രി സൂചിപ്പിച്ചു.

തുര്‍ക്കിയ വിദേശകാര്യമന്ത്രി കുവൈത്ത് നേതാക്കളോടും സര്‍ക്കാറിനോടും ജനങ്ങളോടും ദുരന്തനിവാരണത്തിന് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദവും സഹകരണവും, കുവൈത്തിന്റെ മാനുഷിക പങ്കും വ്യക്തമാക്കുന്നതാണ് ഈ സഹായങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

തുര്‍ക്കിയ എംബസി സന്ദര്‍ശിച്ച ശൈഖ് സലീം അനുശോചനം രേഖപ്പെടുത്തുന്നു

ആശ്വാസവും പിന്തുണയുമായി വിദേശകാര്യമന്ത്രി

കുവൈത്ത് സിറ്റി: ഭൂകമ്ബം നഷ്ടം വിതച്ച തുര്‍ക്കിയക്ക് ആശ്വാസവും പിന്തുണയുമായി വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അസ്സബാഹ്. ബുധനാഴ്ച തുര്‍ക്കിയ എംബസി സന്ദര്‍ശിച്ച ശൈഖ് സലീം സര്‍ക്കാറിനും ഭൂകമ്ബബാധിതരായ ജനങ്ങള്‍ക്കും അനുശോചനം അറിയിച്ചു. ദുരന്തത്തില്‍ അഗാധമായ ദുഃഖവും ആത്മാര്‍ഥമായ ആശ്വാസവും പ്രകടിപ്പിച്ച മന്ത്രി അത് എംബസിയിലെ അനുശോചന ലെഡ്ജറില്‍ രേഖപ്പെടുത്തി. നിരവധി പേര്‍ മരിക്കാനും, പരിക്കേല്‍ക്കാനും ഇടയാക്കുകയും വസ്തുവകകള്‍ നശിക്കുകയും ചെയ്ത ദുരന്തത്തില്‍ മന്ത്രി തുര്‍ക്കിയ ജനതയോട് കുവൈത്തിന്റെ സഹതാപവും ഐക്യദാര്‍ഢ്യവും അറിയിച്ചു. പ്രതിസന്ധി മറികടക്കാന്‍ അവരെ സഹായിക്കുന്നതിനുള്ള പിന്തുണയും അദ്ദേഹം ആവര്‍ത്തിച്ചു. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും കാണാതായവരെ കണ്ടെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

prp

Leave a Reply

*