കുണ്ടന്നൂര്‍ വരെ മോഡലുകളുടെ കാര്‍ പോയത് മിതമായ സ്പീഡില്‍; ആ വിരട്ടലിന് ശേഷം അതിവേഗത; പ്രേരണയായ സൈജു തങ്കച്ചനെതിരെ കൊലക്കുറ്റം ചുമത്താതെ പൊലീസ്; അറസ്റ്റ് ചെയ്തത് സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തി; ലക്ഷ്യം റോയ് വയലാട്ടിനെ രക്ഷിക്കലോ? ആ മോഡലുകളെ കൊന്നതു തന്നെ

കൊച്ചി: മോഡലുകള്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ഇവരുടെ കാറിനെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ അറസ്റ്റിലായെങ്കിലും കൊലക്കുറ്റം ചുമത്താതെ അറസ്റ്റ്.

അന്‍സിയെയും സുഹൃത്തുക്കളെയും ഇയാള്‍ ഹോട്ടലില്‍ നിന്ന് കാറില്‍ പിന്തുടര്‍ന്നിരുന്നെന്ന് നേരത്തേ വ്യക്തമായിരുന്നു. വെള്ളിയാഴ്ച മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അപകടത്തിന് കാരണമായെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട്. മോഡലുകളുടെ കാറപകടത്തിന് കാരണം സൈജുവിന്റെ ചെയ്‌സിംഗാണ്. എന്നിട്ടും ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റം പോലും പൊലീസ് ചുമത്തുന്നില്ല. മോഡലുകളുടെ കാറോട്ടിച്ച ആള്‍ക്കെതിരെ എടുത്ത വകുപ്പു പോലും സൈജുവിനെതിരെ ഇല്ല. സൈജുവും മദ്യലഹരിയിലായിരുന്നു കാറോട്ടിച്ചതെന്നും വ്യക്തമാണ്. എന്നാല്‍ രക്തപരിശോധന നടത്താത്തു കൊണ്ട് ഇത് തെളിയിക്കാന്‍ ഇനി പൊലീസിന് കഴിയില്ല.

ചോദ്യംചെയ്യാന്‍ വിളിച്ചതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. പൊലീസ് നടപടികള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇന്ന് ഇയാള്‍ അഭിഭാഷകനൊപ്പം ഹാജരാവുകയായിരുന്നു. തുടര്‍ന്ന് ഏറെനേരം ചോദ്യംചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാസലഹരിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സൈജുവിനുണ്ടെന്നാണ് പൊലീസ് നിഗമനം. ഈ സാഹചര്യത്തില്‍ മഫിയാ ബന്ധങ്ങളും ഇയാള്‍ക്കുണ്ട്. നമ്ബര്‍ 18 ഹോട്ടല്‍ ഉടമയുമായും അടുത്ത ബന്ധമുണ്ട്. റോയ് വയലാട്ടിനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയാണ് സൈജുവിനെതിരെ കൊലക്കുറ്റം ചുമത്താത്തത്. അതിനിടെ നമ്ബര്‍ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കായല്‍ തെരച്ചില്‍ ഇന്നലെ നിര്‍ത്തുകയും ചെയ്തു.

സൈജു എം.തങ്കച്ചനെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അപകടമുണ്ടായ നവംബര്‍ ഒന്നിനു പുലര്‍ച്ചെ ഫോര്‍ട്ട്‌കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടല്‍ മുതല്‍ സൈജു കാറില്‍ ഇവരെ പിന്തുടര്‍ന്നിരുന്നു. സൈജുവിനെ ഭയന്നാണു കാറിന്റെ വേഗം വര്‍ധിപ്പിച്ചതെന്നു മോഡലുകളുടെ കാറോടിച്ചിരുന്ന അബ്ദുല്‍ റഹ്മാന്‍ മൊഴിയും നല്‍കി. കാറിലുണ്ടായിരുന്ന 4 പേരില്‍ അബ്ദുല്‍ റഹ്മാന്‍ മാത്രമാണു പരുക്കുകളോടെ രക്ഷപ്പെട്ടത്. സൈജുവിനെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടായാല്‍ നോട്ടിസ് നല്‍കി സ്റ്റേഷനിലേക്കു വിളിപ്പിക്കുമെന്ന പൊലീസിന്റെ നിലപാടു രേഖപ്പെടുത്തി സൈജു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. അഭിഭാഷകര്‍ക്ക് ഒപ്പം ഇന്നലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനില്‍ ഹാജരായ സൈജുവിനെ 8 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.

മോഡലുകള്‍ സഞ്ചരിച്ച കാറിനെ സംഭവദിവസം രാത്രി കുണ്ടന്നൂരിനു സമീപം വഴിയില്‍ തടഞ്ഞു നിര്‍ത്തി സൈജു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. അതുവരെ മിതമായ സ്പീഡില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ വേഗം പിന്നീടു വര്‍ധിച്ചതായും തുടര്‍ന്ന് അപകടമുണ്ടായതായും റോഡരികിലുള്ള നിരീക്ഷണ ക്യാമറകളില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ച ദൃശ്യങ്ങളില്‍ വ്യക്തമാണ്. സൈജുവിന്റെ ഭീഷണിയെത്തുടര്‍ന്നു കാറിന്റെ വേഗം വര്‍ധിപ്പിച്ചത് അപകടത്തിനു വഴിയൊരുക്കിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നിട്ടും കൊലക്കുറ്റം ചുമത്തുന്നില്ലെന്നതാണ് വസ്തുത.

ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടരുക, അപകടത്തിനു പ്രേരണയാകുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഫോര്‍ട്ടുകൊച്ചി നമ്ബര്‍ 18 ഹോട്ടല്‍ കേന്ദ്രീകരിച്ചു നടക്കുന്ന രാസലഹരി ഇടപാടിന്റെ മുഖ്യകണ്ണി സൈജുവാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച മൊഴികളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടുകള്‍ക്കു വേണ്ടി സൈജു 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന മുംബൈ മലയാളി യുവതിയുടെ പരാതിയും കിട്ടി. ഈ പരാതിയിലും അന്വേഷണം നടക്കും. സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ചു നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും വിവരം ശേഖരിക്കുന്നുണ്ട്.

മോഡലുകളുടെ മരണത്തില്‍ സൈജുവിനെതിരെ കൊലക്കുറ്റം ചുമത്തിയാല്‍ ഗൂഢാലോചനക്കേസില്‍ റോയ് വയലാട്ടും കുടുങ്ങും. സിസിടിവി ദൃശ്യങ്ങളില്‍ വിഐപി കുടുങ്ങുന്നില്ലെന്ന് ഉറപ്പാക്കിയാണ് പൊലീസ് സൈജുവിനെ അറസ്റ്റ് ചെയതതെന്നതും ശ്രദ്ധേയമാണ്.

prp

Leave a Reply

*