കേരളത്തില്‍ വയോജനങ്ങളുടെ എണ്ണം യുവജനങ്ങളുടെ എണ്ണത്തെ മറികടക്കും; തൊഴിലെടുക്കാന്‍ ശേഷിയുള്ളവര്‍ കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തു യുവാക്കളുടെ എണ്ണം കുറയുകയും 60 വയസ്സ് കഴിഞ്ഞവര്‍ വര്‍ധിക്കുകയുമാണെന്നു ബജറ്റ് പ്രസംഗത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍.

വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശത്തേക്കു പോകുന്ന ചെറുപ്പക്കാര്‍ അവിടെ സ്ഥിരതാമസമാക്കുന്നു. ഇതുമൂലം തൊഴിലെടുക്കാന്‍ ശേഷിയുള്ള യുവജനങ്ങള്‍ കുറയുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റിങ് മന്ത്രാലയം പുറത്തു വിട്ട ‘ഇന്ത്യന്‍ യുവത 2022’ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് മന്ത്രി അതേപടി ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത്.

2021ലെ കണക്ക് അനുസരിച്ച്‌ ജനസംഖ്യയുടെ 16.5% പേര്‍ 60 വയസ്സ് പിന്നിട്ടവരാണ്. 2031 ആകുമ്ബോള്‍ ഇത് 20% ആകും. ജനന നിരക്ക് കുറയുകയാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ശരാശരി 6.5 ലക്ഷവും 5.3 ലക്ഷവും കുട്ടികള്‍ ജനിച്ചിരുന്ന സ്ഥാനത്ത് 2021 ല്‍ 4.6 ലക്ഷം ആയി കുറഞ്ഞു. 2031 ആകുമ്ബോള്‍ ജനന നിരക്ക് 3.6 ലക്ഷത്തിലേക്കു താഴും. ആശ്രിത ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയേക്കാം. ഇതെക്കുറിച്ച്‌ ശാസ്ത്രീയമായി പഠിക്കുമെന്നും മന്ത്രി അറിയിച്ചു.

2021 ല്‍ കേരളത്തില്‍ നേരത്തെ 16.5 ശതമാനം വയോജനങ്ങളും 22.1 യുവജനങ്ങളുമായിരുന്നു. എന്നാല്‍ 2036 ആകുമ്ബോഴേക്കും വയോജനങ്ങളുടെ എണ്ണം (22.8%) യുവജനങ്ങളുടെ എണ്ണത്തെ (19.2%) മറികടക്കും. അതിനാല്‍ കൂടുതല്‍ ആരോഗ്യ സംരക്ഷണ പരിപാടികളും ക്ഷേമ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കേണ്ടതുണ്ടെന്ന് കേന്ദ്രം പുറത്തു വിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശത്തേക്കു പോകുന്ന ചെറുപ്പക്കാര്‍ അവിടെ സ്ഥിരതാമസമാക്കുന്നതുമൂലം തൊഴിലെടുക്കാന്‍ ശേഷിയുള്ള യുവജനങ്ങള്‍ കുറയുന്നതായും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിക്കു വേണ്ടി പ്രതിവര്‍ഷം സര്‍ക്കാര്‍ മുടക്കുന്നത് 50,000 രൂപയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതിന്റെ പലമടങ്ങ് ചെലവഴിക്കുന്നു. വലിയ നിക്ഷേപം നടത്തി സര്‍ക്കാര്‍ വളര്‍ത്തിയെടുക്കുന്ന യുവാക്കളെ പരമാവധി നാട്ടില്‍ നിലനിര്‍ത്താനും തൊഴില്‍ നല്‍കാനും കഴിയണം. അതിനു വേണ്ടതു ചെയ്യുമെന്ന് ബാലഗോപാല്‍ അറിയിച്ചു.

prp

Leave a Reply

*