കണ്ണൂരില്‍ അരനൂറ്റാണ്ടിനിടയില്‍ ഉണ്ടായത് 225 രാഷ്ട്രീയ കൊലപാതക കേസുകള്‍: 125 കൊലപാതകങ്ങളില്‍ 78ലും പ്രതിസ്ഥാനത്ത് സിപിഎം: വിവരവകാശ രേഖ പങ്കുവെച്ച്‌ പിറ്റി ചാക്കോ

കൊച്ചി: കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ സംബന്ധിച്ച്‌ സിപിഎമ്മിനെതിരെ വിമര്‍ശനുമായി കെ പി സി സി പ്രസ്സ് സെക്രട്ടറി പിറ്റി ചാക്കോ രം​ഗത്ത്. കണ്ണൂരില്‍ അരനൂറ്റാണ്ടിനിടയില്‍ 225 രാഷ്ട്രീയ കൊലപാതകങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാരിന്റെ കയ്യില്‍ 1984 മുതല്‍ 2018 മെയ് വരെയുള്ള കണക്കേയുള്ളുവെന്നും അദ്ദേഹം പറയുന്നു. 125 കൊലപാതകങ്ങളില്‍ 78ലും സിപിഎം ആണ് പ്രതിസ്ഥാനത്ത്. ബിജെപി 39 എണ്ണത്തില്‍. മുസ്ലീംലീഗും മറ്റും 7 കേസുകളില്‍ പ്രതികളാണ്. കോണ്‍ഗ്രസ് ഒരേയൊരു കേസില്‍ മാത്രമാണ് പ്രതിയായിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

പിറ്റി ചാക്കോയുടെ കുറിപ്പ്
പെരിയ ഇരട്ടക്കൊലപാതക്കേസ് സിബിഐ ഏറ്റെടുത്തതോടെ കണ്ണൂരും പരിസരത്തും സിബിഐ അന്വേഷിക്കുന്ന രാഷ്ട്രീയകൊലക്കേസുകളുടെ എണ്ണം അഞ്ചായി. ഇനി കാത്തിരിക്കുന്നത് മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമാണ്. അപ്പോള്‍ ആറാകും. ആറിലും സിപിഎമ്മാണ് പ്രതിസ്ഥാനത്ത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ സിബിഐ അന്വേഷണം നടക്കുന്നത് ഇവിടെയാണ്.

അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ്, പയ്യോളി മനോജ്, മുഹമ്മദ് ഫസല്‍ എന്നിവയാണ് സിബിഐ അന്വേഷിക്കുന്ന മറ്റു രാഷ്ട്രീയകൊലപാതക കേസുകള്‍. കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയകൊലപാതകം 1969ല്‍ തലശേരിയില്‍ വാടിക്കല്‍ രാമകൃഷ്‌ന്റേതാണെന്നു കരുതപ്പെടുന്നു. വിദ്യാര്‍ത്ഥി നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചു എന്നാരോപിച്ച്‌ നടത്തിയ പ്രത്യാക്രമണത്തിലാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ പിണറായി വിജയന്‍ മുഖ്യപ്രതിയായിരുന്നു. പിന്നീട് കോടതി വെറുതെ വിട്ടു.

കണ്ണൂരില്‍ അരനൂറ്റാണ്ടിനിടയില്‍ 225 രാഷ്ട്രീയ കൊലപാതകങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. സര്‍ക്കാരിന്റെ കയ്യില്‍ 1984 മുതല്‍ 2018 മെയ് വരെയുള്ള കണക്കേയുള്ളു. വിവരാവകാശപ്രകാരം ലഭിച്ച കണക്കനുസരിച്ച്‌ ഈ കാലഘട്ടത്തില്‍ 125 രാഷ്ട്രീയകൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബിജെപി- 53, സിപിഎം- 46, കോണ്‍ഗ്രസ്- 19, മുസ്ലീംലീഗും മറ്റും- 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്‌വ്.

125 കൊലപാതകങ്ങളില്‍ 78ലും സിപിഎം ആണ് പ്രതിസ്ഥാനത്ത്. ബിജെപി 39 എണ്ണത്തില്‍. മുസ്ലീംലീഗും മറ്റും 7 കേസുകളില്‍ പ്രതികളാണ്. കോണ്‍ഗ്രസ് ഒരേയൊരു കേസില്‍ മാത്രമാണ് പ്രതിയായിട്ടുള്ളത്.

prp

Leave a Reply

*