കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ചടങ്ങില്‍ ഒരുലക്ഷം പേരോളം പങ്കെടുക്കും

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം ഗംഭീരമായി നടത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനമെടുത്തത്.

ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തിന് കണ്ണൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിക്കും. അബുദാബിയിലേക്കുള്ള വിമാനമാണ് ആദ്യം പറന്നുയരുക. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങില്‍ ഒരുലക്ഷം പേരോളം പങ്കെടുക്കും. ടെര്‍മിനല്‍ കെട്ടിടത്തിന് സമീപമായിട്ടാണ് വേദി ഒരുക്കുക.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയെത്തിയത്. ടെര്‍മിനല്‍ കെട്ടിടം, ബാഗേജ് പരിശോധനാ സംവിധാനങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, സിസിടിവി കണ്‍ട്രോള്‍ റൂം തുടങ്ങിയവ മുഖ്യമന്ത്രി നേരില്‍ക്കണ്ട് ക്രമീകരണങ്ങള്‍ വിലയിരുത്തി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കിയാല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു. രണ്ടു മണിക്കൂറോളം വിമാനത്താവളത്തില്‍ ചെലവിട്ട ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, കിയാല്‍ എം.ഡി. വി.തുളസീദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.സുമേഷ്, കളക്ടര്‍ മിര്‍ മുഹമ്മദലി, കണ്ണൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, കിയാല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെ.പി.ജോസ്, ചീഫ് എന്‍ജിനീയര്‍ ഷിബുകുമാര്‍, സിഐഎസ്എഫ്. കമാന്‍ഡര്‍ ഡിഎസ് ഡാനിയേല്‍ ധന്‍രാജ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

prp

Related posts

Leave a Reply

*