യുവതികള്‍ കയറിയാല്‍ നട അടച്ച്‌ ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി

സന്നിധാനം: ആചാരലംഘനം ഉണ്ടായാല്‍ ശബരിമല നട അടച്ചിടേണ്ടി വരുമെന്ന് മേല്‍ശാന്തി. സുരക്ഷാ ചുമതലയുള്ള ഐജി എം.ആര്‍.അജിത് കുമാറിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഐ ജി സന്നിധാനത്തെത്തി മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ചിരുന്നു. സ്ത്രീകളെത്തിയാല്‍ എന്താണ് പ്രതികരണം എന്നറിയാനാണ് ഐജി മേല്‍ശാന്തിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന.

ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്നാണ് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അറിയിച്ചത്. യുവതികള്‍ വീണ്ടുമെത്തിയാല്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠര് രാജീവര് എത്തുമെന്നും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ നടപ്പാക്കുമെന്നും മേല്‍ശാന്തി പറഞ്ഞു.

അതേസമയം ദര്‍ശനത്തിന് ഇതുവരെ യുവതികള്‍ ആരും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് നിലയ്ക്കലിന്‍റെ ചുമതലയുള്ള എസ്പി മഞ്ജുനാഥ് പറഞ്ഞു. രാവിലെ 9.30 മുതല്‍ സന്നിധാനത്തേക്ക് ഭക്തര്‍ക്ക് പ്രവേശിക്കാം. പമ്പയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിടാന്‍ തുടങ്ങി.

ചിത്തിര ആട്ട വിശേഷത്തിന് ഇന്ന്  വൈകീട്ട് അഞ്ചിനാണ് നടതുറക്കുന്നത്. വന്‍പോലീസ് വലയത്തിലാണ് ശബരിമലയും പരിസരപ്രദേശവും. ശബരിമല ദർശനത്തിനായെത്തുന്ന തീർഥാടകരെ പലയിടങ്ങളിൽ പൊലീസ് തടയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് തീർഥാടകരെ തടഞ്ഞിരിക്കുന്നത്. എരുമേലിയിൽ ഇന്നലെ മുതൽ എത്തിയവരാണ് കുടുങ്ങിയിരിക്കുന്നത്. ആറുമണിക്ക് വാഹനങ്ങൾ കടത്തിവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് പിന്നീട് നിലപാടുമാറ്റി. നിലവിൽ ഉച്ചയോടെ മാത്രമേ എരുമേലിയിൽനിന്ന് ഭക്തരെ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. കെഎസ്ആർടിസി ബസിലെങ്കിലും കടത്തിവിടണമെന്ന് തീർഥാടകർ ആവശ്യപ്പെടുന്നുണ്ട്. എരുമേലി ടൗണിലും കെഎസ്ആർടിസി സ്റ്റാൻഡിലുമടക്കം പ്രതിഷേധം അലയടിക്കുകയാണ്.

അതേസമയം, നിലയ്ക്കലില്‍ നിന്നുള്ള തീർഥാടകരെ പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങി. നടന്നുപോകുന്ന തീർഥാടകരെയാണ് കടത്തിവിട്ടത്. രാവിലെ 11.30 ഓടെ മാത്രമേ കെഎസ്ആർടിസി ബസുകൾ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. അതിനിടെ, വനിതാ പൊലീസിനെ വലിയ നടപ്പന്തലിൽ നിയോഗിച്ചു. 50 വയസ്സുപിന്നിട്ട് 15 വനിത പൊലീസുകാരാണ് ഇവിടെയെത്തിയിരിക്കുന്നത്. കൂടുതൽ യുവതികളെത്തിയാൽ നിയന്ത്രിക്കുന്നതിനാണു ക്രമീകരണം.

prp

Related posts

Leave a Reply

*