വരാന്ന് പറഞ്ഞിട്ട്… കരുമാടിക്കുട്ടന്‍ അരങ്ങൊഴിഞ്ഞു..

തന്നെ സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എല്ലാവരുടേയും ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചുകൊണ്ട് കലാഭവന്‍ മണി യാത്രയായി. മലയാള സിനിമാ കുടുംബത്തില്‍

കണ്ണീരടങ്ങുന്നില്ല. മരണം അകാലത്തില്‍ അപഹരിച്ച പ്രതിഭാധനന്‍മാരുടെ പട്ടികയില്‍ കലാഭവന്‍ മണിയും. മണിയുടെ രോഗാവസ്ഥയെക്കുറിച്ച് വാര്‍ത്തകളും അഭ്യൂഹങ്ങളും പടര്‍ന്നപ്പോഴും തന്റെ ട്രേഡ്മാര്‍ക്കായ ചിരിയുമായി മണി സിനിമയിലേയ്ക്ക് മടങ്ങി വരുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.

Kalabavan-Mani-Facebook

കലാഭവന്‍ ട്രൂപ്പിലൂടെ കലാരംഗത്ത് ശ്രദ്ധേയനായ മണി മലയാള സിനിമാരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. സല്ലാപത്തിലെ ചെത്തുകാരനാണ് മണിയെ പ്രസിദ്ധനാക്കിയത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അന്ധഗായകന്‍ മലയാളി മനസ്സില്‍ നൊമ്പരമായി മാറിയതാണ്. സംസ്ഥാന ദേശീയ തലങ്ങളില്‍ ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. കരുമാടിക്കുട്ടന്‍, അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കലാഭവന്‍ മണിക്കുമാത്രം ചെയ്യുവാന്‍ കഴിയുന്നവയെന്ന തരത്തില്‍ വിലയിരുത്തപ്പെട്ടു. ലോകനാഥന്‍ ഐ.പി.എസ്, എബ്രഹാം ലിങ്കണ്‍ എന്നിങ്ങനെ കരുത്തിന്റെ പര്യായങ്ങളായ നായക കഥാപാത്രങ്ങള്‍ മണിയുടെ അഭിനയമുദ്ര പതിഞ്ഞവയാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം, ദിലീപ്, മുകേഷ് തുടങ്ങിയ നായകന്‍മാരുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തിയ എത്രയോ കഥാപാത്രങ്ങള്‍ കലാഭവന്‍ മണി അനശ്വരമാക്കി. ക്രൂരതയുടെ പര്യായങ്ങളായ നിരവധി വില്ലന്‍ വേഷങ്ങളിലും മണി തിളങ്ങിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും മണി അറിയപ്പെടുന്ന നടനാണ്. പാപനാസത്തിലെ കോണ്‍സ്റ്റബിള്‍ പെരുമാള്‍ ആണ് തമിഴില്‍ അവസാനമായി ശ്രദ്ധിക്കപ്പെട്ട കഥാപാത്രം.

kalabhavan-mani-in-amen-340

മലയാളത്തില്‍ ഏതാണ്ട് മുരടിച്ച് അവസാനിക്കാറായ നാടന്‍പാട്ട് എന്ന സംഗീതശാഖയെ വീണ്ടെടുത്ത് ജനകീയമാക്കിയ കലാകാരന്‍ എന്ന നിലയിലും വരും കാലം കലാഭവന്‍ മണിയെ ഓര്‍ത്തെടുക്കും. നാടന്‍ പാട്ടുകളെ സിനിമക്കായി പാകപ്പെടുത്തുകയും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കുകയും ചെയ്ത മണിയുടെ പാട്ടുകള്‍ക്ക് മലയാളികളുള്ള എല്ലാ രാജ്യങ്ങളിലും ആരാധകരുണ്ട്.
ഇതിലെല്ലാമുപരി കലാഭവന്‍മണി ഒരു മനുഷ്യസ്‌നേഹിയായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തന്റെ ബാല്യകാലത്തെ ദാരിദ്ര്യവും ഓട്ടോ ഡ്രൈവറായിരുന്ന കാലവും അദ്ദേഹം വീണ്ടും വീണ്ടും ഓര്‍മ്മിക്കുകയും പറയുകയും ചെയ്തുകൊണ്ടിരുന്നു. ചാലക്കുടിയിലെ സാധാരാണക്കാര്‍ക്കൊപ്പം അവരിലൊരാളായി കഴിയുകയായിരുന്നു മണി. വ്യക്തി ജീവിതത്തെ താറുമാറാക്കുന്ന താരജാഢകള്‍ അദ്ദേഹം ഒരിക്കലും കാത്തു സൂക്ഷിച്ചിട്ടില്ല. ചാലക്കുടിയും ചാലക്കുടിപ്പുഴയും ചന്തയും പാലവും ഓട്ടോസ്റ്റാന്റുമൊക്കെ സാധാരണക്കാരന്റെ നൊമ്പരങ്ങള്‍ക്കൊപ്പം ചാലിച്ച് പാടാനും പറയാനും ഇനി കലാഭവന്‍ മണി ഇല്ല…

content courtesy: http://cinemapathram.com/
prp

Related posts

Leave a Reply

*