തിരുവനന്തപുരം : ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്‍റിനെ അനുകൂലിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രസ്താവന. ആശുപത്രി മാലിന്യം സംസ്കരിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ പ്ലാന്‍റുമായി മുന്നോട്ട് പോകും. വനംമന്ത്രി കൂടി പങ്കെടുത്ത യോഗം ഇതിന് അനുമതി നല്‍കിയതാണെന്നും മന്ത്രി അറിയിച്ചു.
പരിസ്ഥിതി ലോല പ്രദേശത്ത് ആസ്പത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും ഐ.എം.എ പിന്‍മാറണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പാലോട് ആശുപത്രി മാലിന്യ പ്ലാന്‍റ് പാടില്ലെന്ന് വിവിധ വകുപ്പുകള്‍ക്ക് തിരുവനന്തപുരം ഡിഎഫ്‌ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പദ്ധതി പരിസ്ഥിതിയ്ക്ക് കോട്ടമുണ്ടാക്കുമെന്നും, വന്യജീവികളെയും ബാധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശമായ അഗസ്ത്യമലയിലാണ് ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്‍റ് നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നത്. യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ പ്രദേശത്ത് ഒരു ചെറിയ വ്യതിയാനംപോലും വരുത്താന്‍ പാടില്ലെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ട്. കുടിവെള്ളവും പരിസ്ഥിതിയും മലിനപ്പെടുത്തി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പെരിങ്ങമല പഞ്ചായത്തും എതിരാണ്.

