IPL 2021 CSK vs SRH: ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ ചെന്നൈ; എതിരാളികള്‍ ഹൈദരാബാദ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാല് ജയം. സീസണില്‍ മികച്ച ഫോമില്‍ തുടര്‍ന്ന റോയല്‍ ചഞ്ചേഴ്സ് ബാംഗ്ലൂരിനെ അനായാസം കീഴടക്കി. ഇനി ലക്ഷ്യം പോയിന്റ് പട്ടകയിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുക എന്നതാണ്. കഴിഞ്ഞ സീസണിലെ കടം വീട്ടാന്‍ തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പുറപ്പാട്. ഇന്ന് ധോണിക്കും കൂട്ടര്‍ക്കും സണ്‍റൈസേഴ്സ് ഹൈദരബാദാണ് എതിരാളികള്‍.

ചെന്നൈയുടെ പ്രകടനങ്ങള്‍ ഒരു താരത്തെ മാത്രം ആശ്രയിച്ചല്ല. പല സാഹചര്യത്തില്‍ ഓരോ താരങ്ങളും അവസരത്തിനൊത്ത് ഉയരുകയായിരുന്നു. ഏറ്റവും വലിയ ഉദാഹരണമായി ബാംഗ്ലൂരിനെതിരായ ജഡേജയുടെ പ്രകടനമാണ്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചു. അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെതിരെ നേടി 37 റണ്‍സാണ് നിര്‍ണായകമായത്.

ഫാഫ് ഡുപ്ലസിയും റുതുരാജ് ഗെയ്ക്ക്വാഡും ചേര്‍ന്ന് ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കുന്നത്. സുരേഷ് റെയ്ന ഫോമിലേക്ക് മടങ്ങിയെത്തേണ്ടതും ടീമിന് ആവശ്യമായ ഘടകം. റായുഡുവും സീസണില്‍ തിളങ്ങിയിട്ടില്ല. ലുങ്കി എന്‍ഗിഡിയും രാഹുല്‍ ചഹറും ചേര്‍ന്ന് നയിക്കുന്ന പേസ് നിര സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. ജഡേജയും ഇമ്രാന്‍ താഹിറുമാണ് സ്പിന്‍ ദ്വയങ്ങള്‍.

മറുവശത്ത് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഹൈദരാബാദ്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ തോല്‍വി വഴങ്ങിയാണ് വാര്‍ണറും സംഘവും എത്തുന്നത്. വാര്‍ണറും ജോണി ബെയര്‍സ്റ്റോയും ചേരുന്ന ഓപ്പണിങാണ് ഹൈദരബാദിന്റെ കരുത്ത്. മധ്യനിരയിലേക്ക് കെയിന്‍ വല്യംസണ്‍ എത്തിയതോടെ ബാറ്റിങ്ങിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ടീമിനായിട്ടുണ്ട്.

ടീമിന്റെ ബോളിങ് നിരയിലെ പ്രധാനികളായ ഭുവനേശ്വര്‍ കുമാറിനും നടരാജനും പരുക്ക് പറ്റിയത് ഹൈദരബാദിന് തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യന്‍ യുവതാരം ഖലീല്‍ അഹമ്മദ് ആയിരിക്കും പേസ് നിരയെ നയിക്കുക. ഒപ്പം വിജയ് ശങ്കറും ഉണ്ടാകും. മധ്യ ഓവറുകളില്‍ റഷീദ് ഖാന്റെ സേവനവും ഹൈദരബാദിനെ തുണയ്ക്കും.

prp

Leave a Reply

*