ഇന്ത്യന്‍ സിനിമയുടെ ദേശാന്തര സഞ്ചാരത്തിന് ‘ആയിഷ’ നാന്ദിയായേക്കും -സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍

റിയാദ്‌: മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ കരിയറില്‍ തികച്ചും വ്യത്യസ്തത അടയാളപ്പെടുത്താവുന്ന ഒരു സിനിമയായിരിക്കും ‘ആയിഷ’യെന്നും മലയാളികളുടെ ദൃശ്യസങ്കല്‍പങ്ങള്‍ക്ക് ചിരപരിചിതമല്ലാത്ത ഒരു പശ്ചാത്തലത്തിലൂടെയാണ് ഈ കഥ സംഭവിക്കുന്നതെന്നും സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍.

സിനിമയുടെ പ്രമോഷനായി സൗദിയിലെത്തിയ അദ്ദേഹം ‘ഗള്‍ഫ്‌മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.

സൗദിയിലെ ഒരു കൊട്ടാരത്തിലെത്തുന്ന ഇന്ത്യക്കാരിയായ ആയിഷയും അവളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ അവരിലൂടെ നടക്കുന്ന സാംസ്കാരിക വിനിമയവുമാണ് സിനിമയുടെ കാതലെന്ന് അദ്ദേഹം പറഞ്ഞു. മലയാളമടക്കം ഇന്ത്യന്‍ സിനിമകള്‍ക്ക് പുതിയ ദേശങ്ങളിലേക്ക് കടന്നുചെല്ലാനുള്ള പ്രവേശികയായി ഈ ചിത്രം മാറുമെന്നും ശുഭപ്രതീക്ഷയുണ്ട്. ഇന്ത്യന്‍ സിനിമയുടെ ദേശാന്തര സഞ്ചാരത്തിനുതന്നെ ഇതു തുടക്കമാകുമെന്നാണ് പ്രതീക്ഷ. ചരിത്രത്തിലാദ്യമായി ഒരിന്ത്യന്‍ സിനിമയുടെ പ്രമോഷന്‍ സൗദി അറേബ്യയില്‍ വിജയകരമായി നിര്‍വഹിച്ച സന്തോഷത്തിലാണ്.

സൗദി ഭരണാധികാരികള്‍ രാജ്യത്ത് സിനിമാ വിനോദ വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ഇന്ത്യന്‍ സിനിമകളുടെ നിര്‍മാണം സമീപഭാവിയില്‍ തന്നെ ഇവിടെയുണ്ടാകും. അത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമൂഹിക ബന്ധങ്ങള്‍ക്കും കലാസാംസ്കാരിക വളര്‍ച്ചക്കും പുതിയ മാനങ്ങള്‍ നല്‍കുമെന്ന് ഉറപ്പാണ്. പ്രമോഷന്‍ പരിപാടികള്‍ വിജയമാക്കിയ മുഴുവന്‍ ചലച്ചിത്ര പ്രേമികളോടും സംഘാടകരോടും സൗദി അധികൃതരോടും നന്ദി പറയുകയാണെന്നും ആമിര്‍ പള്ളിക്കല്‍ പറഞ്ഞു. സിനിമയുടെ നിര്‍മാണം സൗദിയില്‍ വെച്ച്‌ ആഗ്രഹിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല.

സൗദിക്ക് തുല്യമായ പ്രദേശമാണെന്ന് തോന്നിയ റാസല്‍ ഖൈമയിലായിരുന്നു ലൊക്കേഷന്‍. ഈ സിനിമ ആവശ്യപ്പെടുന്ന സംഗീതവും വസ്ത്രാലങ്കാരവും ആര്‍ട്ട് വര്‍ക്കുകളെല്ലാം തന്നെ ഒരു വിട്ടുവീഴ്ചക്കും വിധേയമായിട്ടില്ല. ഇതുവരെ മലയാളത്തിലിറങ്ങിയതില്‍ നായികാപ്രാധാന്യമുള്ള ചിത്രങ്ങളില്‍ ബിഗ് ബജറ്റ് സിനിമയാണിത്. തികച്ചും സ്വാഭാവികതയും വസ്തുനിഷ്ഠവുമായ ഒരു ഫാമിലി ഡ്രാമയാണ് ‘ആയിഷ’. ചിരിക്കാനും കരയാനുമൊക്കെ വക നല്‍കുന്ന ഇതിന്റെ കഥ ആസിഫ് കക്കോടി എന്ന എഴുത്തുകാരന്‍റെ ആദ്യത്തെ രചനയാണ്.

മലയാള സിനിമയിലെ നായക സങ്കല്പങ്ങളെയും പതിവ് ചേരുവകളെയും തിരുത്തിക്കുറിക്കുന്നതും വിഷ്വലിന് വളരെ പ്രാധാന്യമുള്ളതുമാണ് ഈ സിനിമയെന്നും ആമിര്‍ പറഞ്ഞു. സുഡാനി ഫ്രം നൈജീരിയ, ഒരു ഹലാല്‍ ലവ് സ്റ്റോറി എന്നീ സിനിമകളില്‍ സഹസംവിധായകനായിരുന്ന ആമിര്‍ സ്വതന്ത്ര സംവിധായകനാവുന്ന ആദ്യ സിനിമയാണ് ഇത്. സൗദിയില്‍ പ്രവാസിയായ സക്കരിയ്യ വാവാടാണ് സഹ നിര്‍മാതാവ്.

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ വെച്ചാണ് സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്തിട്ടുള്ളതെന്ന് ആമിര്‍ പറഞ്ഞു. ഇസ്തംബൂളില്‍നിന്നും കുറച്ച്‌ ഭാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ സിനിമ അര്‍ഹിക്കുന്ന ഒരു ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ലഭിക്കണമെങ്കില്‍ കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ വെച്ച്‌ ചെയ്താല്‍ മതിയാകില്ലെന്ന ബോധ്യത്തില്‍നിന്നാണ് മറ്റു രാജ്യങ്ങളില്‍നിന്നും സംഗീതം സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്റെ നിര്‍ബന്ധവുമുണ്ടായിരുന്നു. ഇതെല്ലാം സിനിമ കാണുമ്ബോള്‍ അനുവാചകര്‍ക്ക് മനസ്സിലാകുമെന്ന്‌ ആമിര്‍ പള്ളിക്കല്‍ പറഞ്ഞു. കാഴ്‌ചയില്‍ മാത്രമല്ല, സംഗീതത്തിലും സാന്ദ്രമാണ് ഈ സിനിമ.

ആറു പാട്ടുകളുണ്ട്, രണ്ടെണ്ണം അറബിയാണ്. അവ രചനയും ആലാപനവും നടത്തിയത് അറബികള്‍ തന്നെയാണ്. ഈ സിനിമ മലയാളത്തില്‍നിന്നുകൊണ്ടുള്ള ഒരു അന്താരാഷ്ട്ര സിനിമയാണ്, ഒപ്പം മലയാളത്തിന്റെ കാഴ്ചയിലെ പുതിയ അനുഭവവുമാണ്. ഇന്ത്യയോടൊപ്പം അറബ് രാജ്യങ്ങളിലും വിപണനശേഷിയും കലാമൂല്യവുമുള്ള ഒരു സൃഷ്ടിയായിരിക്കും ഈ സിനിമ. അറബിഭാഷയിലും ‘ആയിഷ’യുണ്ടാവും. നോര്‍മല്‍ സിറിയന്‍ അറബിക്കാണ് സംഭാഷണത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്. അറബി രാജ്യങ്ങള്‍ക്കുള്ള ഉച്ചാരണ വൈവിധ്യങ്ങള്‍ സിനിമയെ ബാധിക്കാതിരിക്കാനാണ് ഏവര്‍ക്കും പ്രിയങ്കരമായ സിറിയന്‍ ശൈലി സ്വീകരിക്കുന്നത്. കുടുംബ പ്രേക്ഷകരടക്കം എല്ലാതരം ആസ്വാദകരെയും മുന്‍ നിര്‍ത്തിയാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയ പ്രേക്ഷകര്‍ നേരിട്ട് കാണാനുള്ള ആകാംക്ഷയിലാണ്. നവംബര്‍ പകുതി വരെ ആ കാത്തിരിപ്പ് തുടരേണ്ടി വരും. സ്വന്തമായി സിനിമകള്‍ നിര്‍മിക്കുകയും നിരന്തരം കാഴ്ചകളെ വിലയിരുത്തുകയും ചെയ്യുന്നവരാണ് ഇന്നത്തെ കാണികള്‍. നവ ഹൈടെക് പ്രേക്ഷകന്റെ വൈകാരികതയോട് മാത്രമല്ല, ബുദ്ധിയോടും സംവദിക്കുവാന്‍ പ്രാപ്തി നേടുമ്ബോഴാണ് ഓരോ കലാസൃഷ്ടിയും വിജയിച്ചു എന്ന് പറയാനാവുക -ആമിര്‍ പള്ളിക്കല്‍ കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*