ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍: സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ നീക്കം; ബൈ ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ അട്ടിമറിക്കുന്നു

കണ്ണൂര്‍: ഒഴിഞ്ഞുകിടക്കുന്ന അഞ്ഞൂറോളം ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ ശ്രമം. 2016 ജനുവരി ഒന്നു മുതലുള്ള അഞ്ഞൂറിലധികം ഒഴിവുകളിലേക്ക് 2015, 2016 വര്‍ഷങ്ങളില്‍ നല്‍കിയ സര്‍ക്കാര്‍ ഉത്തരവുകളെ മറികടന്നു കൊണ്ടാണ് അധ്യാപക തസ്തികകളില്‍ വഴിവിട്ട നിയമനം നടത്താനുള്ള ശ്രമം നടക്കുന്നത്.

സര്‍ക്കാര്‍ സര്‍വീസില്‍ ഒരു തസ്തികയില്‍ നിന്ന് ഉന്നത തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സംവിധാനമാണ് ബൈ ട്രാന്‍സ്ഫര്‍ നിയമനം. ഹയര്‍ സെക്കന്‍ഡറി ബൈ ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്ക് നിലവിലുള്ള ക്വാട്ടയിലേക്ക് 2015 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ലാബ് അസിസ്റ്റന്റ്, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, എല്‍പി-യുപി അധ്യാപകര്‍ എന്നിവര്‍ക്ക് ക്വാട്ട അനുവദിച്ചുകൊണ്ട് ഉത്തരവായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള സ്‌പെഷല്‍ റൂള്‍ ഭേദഗതി 2018ല്‍ ആരംഭിച്ചിട്ടും പൂര്‍ത്തിയാക്കാതെ സര്‍ക്കാര്‍ അട്ടിമറിക്ക് വഴിയൊരുക്കുകയാണ്.

2019 ഡിസംബര്‍ മാസത്തിലും 2020 ജനുവരി മാസത്തിലും നടന്ന സബ്ജക്‌ട് കമ്മിറ്റി യോഗങ്ങളില്‍ ഇതിന്റെ കരട് പരിഗണനയ്ക്ക് വച്ചെങ്കിലും പൊതുവിദ്യാഭ്യാസ സെക്രട്ടറി സമയം നീട്ടിവാങ്ങുകയാണുണ്ടായത്. ഈ ഒഴിവുകള്‍ ജനറല്‍ പിഎസ്‌സി ലിസ്റ്റില്‍ ഉള്ള ആളുകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, നിരവധി ഹൈസ്‌കൂള്‍ അധ്യാപകരും യുപി സ്‌കൂള്‍ അധ്യാപകരും ലാബ് അസിസ്റ്റന്റുമാരും മിനിസ്റ്റീരിയല്‍ ജീവനക്കാരും ബൈട്രാന്‍സ്ഫര്‍ നിയമനം കാത്തിരിക്കുകയാണ്. സ്‌പെഷല്‍ റൂള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ഫയല്‍ തീര്‍പ്പാക്കാതെ നിയമനം അട്ടിമറിച്ച്‌ അഞ്ഞൂറോളം ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകളില്‍ ഭരണകക്ഷിയില്‍പെട്ടവര്‍ക്ക് അനധികൃത നിയമനം നല്‍കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപണമുണ്ട്. ബൈ ട്രാന്‍സ്ഫര്‍ വിഷയത്തില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന് അധ്യാപകരുടെയും ജീവനക്കാരുടെയും വിവിധ സംഘടനകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

prp

Leave a Reply

*