ഹെലികോപ്റ്റര്‍ അപകടം ; വാര്‍ത്ത അങ്ങേയറ്റം ദുഃഖകരം ; അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ; അന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് ഇന്ന് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും മരണപ്പെട്ടിരുന്നു. പിന്നാലെയാണ് രാഷ്‌ട്രപതിയും, പ്രധാനമന്ത്രിയും അനുശോചനം അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്.

ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ ആറ് തീര്‍ത്ഥാടകര്‍ മരിച്ചുവെന്ന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനം അറിയിക്കുന്നു എന്ന് രാഷ്‌ട്രപതി ട്വിറ്ററില്‍ കുറിച്ചു. ഉത്തരാഖണ്ഡില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടം വലിയ വേദനയാണ് ഉണ്ടാക്കിയത്. ഞാന്‍ ഇപ്പോള്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഉള്ളതെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ഇതിന് പുറമെ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ആഭ്യന്തര മന്ത്രി അമിത്ഷാ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി എന്നിവരും അനുശോചനം അറിയിച്ചു.

കേദാര്‍നാഥില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവം അങ്ങേയറ്റം നിരാശാജനകമാണ്. ഈ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദുഃഖം താങ്ങാനുള്ള ശക്തി ദൈവം അവര്‍ക്ക് നല്‍കട്ടെ എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ വാക്കുകള്‍. വളരെ വിഷമകരമായ വാര്‍ത്തയാണ് കേട്ടിരിക്കുന്നത്. എസ്ഡിആര്‍എഫും, ജില്ലാ ഭരണകൂടത്തിലെ സംഘവും പ്രദേശത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അപകടത്തെ പറ്റി വിശദമായ അന്വേഷണം നടത്തുന്നതിന്് ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

prp

Leave a Reply

*