ചാക്കയിലെ കവാടത്തിനരികെ അദാനി ഒരു ‘സംഭവം’ പണിയുന്നുണ്ട്, ഭാവിയില്‍ തലസ്ഥാനത്തിന്റെ പ്രതീകമാകാന്‍ പോകുന്ന അംബരചുംബിയെ കുറിച്ചറിയാം

സുപ്രീംകോടതിയുടെ അനുകൂല ഉത്തരവോടെ, തിരുവനന്തപുരം വിമാനത്താവളം അടുത്ത അമ്ബത് വര്‍ഷത്തേക്ക് അദാനിയുടെ കൈയിലാണ്.

വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുത്ത് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇതിനെതിരേ സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിട്ടി എംപ്ലോയീസ് യൂണിയനും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത്. വിമാനത്താവളത്തിന്റെ കൈമാ​റ്റം നടന്ന സാഹചര്യത്തില്‍ ഹര്‍ജികളിലെ ആവശ്യം അപ്രസക്തമായെന്നാണ് കോടതി വിലയിരുത്തിയത്. ലോകനിലവാരത്തില്‍ വിമാനത്താവളത്തെ മാറ്റുമെന്ന വാഗ്ദാനവുമായാണ് 50 വര്‍ഷത്തെ നടത്തിപ്പ് അദാനി ഏറ്റെടുത്തത്. വിഴിഞ്ഞം തുറമുഖത്തോടൊപ്പം വിമാനത്താവളവും ലഭിക്കുന്നതോടെ കപ്പല്‍ – വിമാന ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നാണ് അദാനിയുടെ ഉറപ്പ്. തുറമുഖവും വിമാനത്താവളവും കൂട്ടിച്ചേര്‍ത്തുള്ള ലോജിസ്റ്റിക്‌സ് ബിസിനസിലും അദാനിക്ക് കണ്ണുണ്ട്. ചരക്കുനീക്കത്തിലൂടെ വിമാനത്താവളം ലാഭത്തിലാക്കാനാണ് ശ്രമം. ഫ്ലെമിംങ് ഗോയുമായി ചേര്‍ന്ന് ഡ്യൂട്ടിഫ്രീ ഷോപ്പ് തുറന്ന അദാനി, കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ്.

ആഭ്യന്തര ടെര്‍മിനല്‍ പൊളിച്ച്‌, അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെര്‍മിനലും അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്‍വശത്തായി പഞ്ചനക്ഷത്ര ഹോട്ടലും ഭാവിയില്‍ തിരുവനന്തപുരത്തിന്റെ പ്രതീകമായി മാറാവുന്ന ശില്‍പ്പചാരുതയുള്ള എയര്‍ട്രാഫിക് ടവറുമടക്കം നിര്‍മ്മിച്ച്‌ വിമാനത്താവളം ലോകനിലവാരത്തില്‍ പുതുക്കിപ്പണിയാനുള്ള മാസ്റ്റര്‍പ്ലാന്‍ അദാനി ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്. 2070വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് വിമാനത്താവളം പുതുക്കിപ്പണിയുക. ശംഖുംമുഖത്തെ ആഭ്യന്തര ടെര്‍മിനല്‍ പൂര്‍ണമായി പൊളിച്ച്‌ സിംഗപ്പൂര്‍ ഷാംഗി വിമാനത്താവളത്തിന്റെ മാതൃകയില്‍ പുതിയ ടെര്‍മിനലുണ്ടാക്കും. രൂപരേഖയുണ്ടാക്കാന്‍ ലോകപ്രശസ്ത ആര്‍ക്കിടെക്ടുകളെ എത്തിക്കും. വിസ്മയിപ്പിക്കുന്ന രൂപഭംഗിയിലും ലോകോത്തര സൗകര്യങ്ങളോടെയും ആഭ്യന്തര ടെര്‍മിനലായിത്തന്നെയാവും ഇത് നിര്‍മ്മിക്കുക.

യാത്രക്കാര്‍ക്ക് മെച്ചം

ചാക്കയിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതുക്കിപ്പണിയും. ഇതോടെ യാത്രക്കാര്‍ക്ക് കസ്റ്റംസ്, ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി ഏറെസമയം കാത്തുനില്‍ക്കേണ്ട സ്ഥിതിഒഴിവാക്കും. യാത്രക്കാര്‍ക്ക് വിശ്രമത്തിനും വിനോദത്തിനും ഷോപ്പിംഗിനും കൂടുതല്‍ സൗകര്യങ്ങളൊരുക്കും. നിലവില്‍ 1600യാത്രക്കാരെയേ അന്താരാഷ്ട്ര ടെര്‍മിനലില്‍ ഉള്‍ക്കൊള്ളാനാവൂ. അന്താരാഷ്ട്ര ടെര്‍മിനലിന് മുന്‍വശത്തെ പാര്‍ക്കിംഗ് – ടോയ്‌ലറ്റ് ഏരിയയിലാണ് ബഹുനിലകളിലായി പഞ്ചനക്ഷത്ര ഹോട്ടല്‍ വരുന്നത്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഇത്തരം എയര്‍പോര്‍ട്ട് ഹോട്ടലുകളുണ്ട്. വിമാനത്താവളത്തിനടുത്തെ മാള്‍ ഏറ്റെടുത്ത് ഹോട്ടലും വാണിജ്യകേന്ദ്രവുമാക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. ദേശീയപാതയിലേക്കും നഗരത്തിലേക്കും ചാക്കയില്‍ പ്രവേശനകവാടമുണ്ടാക്കും. മാസ്റ്റര്‍പ്ലാന്‍ അംഗീകാരത്തിനായി എയര്‍പോര്‍ട്ട് അതോറിട്ടിക്ക് കൈമാറി. രണ്ടുമാസത്തിനകം അന്തിമപ്ലാന്‍ പ്രസിദ്ധീകരിക്കും. പതിറ്റാണ്ടുകളായുള്ള മുരടിപ്പ് മാറ്റി ലോകോത്തര സൗകര്യങ്ങളോടെ വിമാനത്താവളത്തെ വളര്‍ത്തുമെന്നാണ് അദാനിയുടെ ഉറപ്പ്.

മുംബയ് വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ (എ.ടി.സി) മാതൃകയിലാവും അന്താരാഷ്ട്ര ടെര്‍മിനലിന്റെ ചാക്കയിലെ പ്രവേശനകവാടത്തിന്റെ വലതുഭാഗത്ത് പുതിയ ടവര്‍ നിര്‍മ്മിക്കുക. തിരുവനന്തപുരത്തിന്റെ സാംസ്കാരികപഴമ വിളിച്ചോതുന്ന ശില്‍പ്പചാരുതയോടെയാവും ടവര്‍ നിര്‍മ്മിക്കുക. വ്യോമഗതാഗത നിയന്ത്രണം എയര്‍പോര്‍ട്ട് അതോറിട്ടിക്കായതിനാല്‍ ടവര്‍ അദാനിഗ്രൂപ്പ് അവര്‍ക്ക് കൈമാറും. ഭാവിയില്‍ തലസ്ഥാനത്തിന്റെ പ്രതീകമായിരിക്കും ഈ ടവറെന്ന് അദാനിഗ്രൂപ്പ് വ്യക്തമാക്കി. 49മീറ്റര്‍ ഉയരമുള്ള എട്ടുനില ടവറിന് എയര്‍പോര്‍ട്ട് അതോറിട്ടി 115കോടി അനുവദിച്ചിരുന്നെങ്കിലും നടത്തിപ്പ് അദാനിക്കായതോടെ പദ്ധതി നിലച്ചിരുന്നു.

വികസനത്തിന് ഭൂമിയില്ല

വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ വികസനത്തിനും അന്താരാഷ്ട്ര നിയമപ്രകാരമുള്ള റണ്‍വേ സജ്ജമാക്കാനും 34ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൈമാറാന്‍ സര്‍ക്കാരിനോട് അദാനി ആവശ്യപ്പെട്ടിട്ടുണ്ട്. 628.70ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവളം. നിലവിലെ ടെര്‍മിനലില്‍ 1600യാത്രക്കാരെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ. കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ ടെര്‍മിനലുണ്ടാക്കാന്‍ 18.3ഏക്കര്‍ സ്വകാര്യഭൂമി ഏറ്റെടുക്കണം. റണ്‍വേ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ 16 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. 18.3 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നേരത്തേ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയതോടെ മരവിപ്പിച്ചു. ഇത്രയും സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ 270കോടി ചെലവുണ്ടാകുമെന്നാണ് നേരത്തേ റവന്യൂവകുപ്പ് കണക്കാക്കിയിരുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് അദാനി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വിലയും നഷ്ടപരിഹാരവും നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.

വിമാനത്താവളത്തിന്റെ റണ്‍വേ രാജ്യാന്തര നിലവാരത്തിലാക്കാന്‍ കൂടുതല്‍ സ്ഥലമേറ്റെടുക്കേണ്ടതുണ്ട്. 3373മീറ്റര്‍ നീളവും 150അടിവീതിയുമുള്ളതാണ് തിരുവനന്തപുരത്തെ റണ്‍വേ. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരമുള്ള ബേസിക് സ്ട്രിപ്പില്ലാത്തതാണ് പ്രശ്നം. റണ്‍വേയുടെ മദ്ധ്യത്തില്‍ നിന്ന് 150മീറ്റര്‍ ഇരുവശത്തും ഒഴിച്ചിടണമെന്നാണ് ചട്ടം. ഈ സ്ഥലത്ത് നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ല. റണ്‍വേയുടെ പലഭാഗത്തും 20മീറ്റര്‍ വരെ കുറവുണ്ട്. ആള്‍സെയിന്റ്സ് ഭാഗത്താണ് ഏറ്റവും സ്ഥലക്കുറവ്. എല്ലാവര്‍ഷവും അന്താരാഷ്ട്ര ഓര്‍ഗനൈസേഷന്‍ പരിശോധനയ്ക്കെത്തുമ്ബോള്‍ ബേസിക് സ്ട്രിപ്പ് സജ്ജമാക്കാന്‍ സമയം നീട്ടിചോദിക്കുകയാണ് പതിവ്. വിമാനത്താവള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും വാണിജ്യ സംരംഭങ്ങള്‍ നിര്‍മ്മിക്കാനും ഇവിടെ സ്ഥലക്കുറവാണെന്നും അദാനി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, വികസന സംരംഭങ്ങള്‍ക്ക് ഇവിടെ ഭൂമിയില്ല. നെടുമ്ബാശേരിയില്‍-1300, കണ്ണൂരില്‍-3200, ബംഗളൂരുവില്‍ 5200 ഏക്കര്‍ വീതം ഭൂമിയുണ്ട്. നിലവിലെ 33,300ചതുരശ്ര അടി ടെര്‍മിനല്‍ കെട്ടിടത്തിനൊപ്പം 55,000ചതുരശ്ര അടി കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ ഭൂമിയേറ്റെടുക്കല്‍ അനിവാര്യമാണ്.

prp

Leave a Reply

*