ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും. പകല്‍ വെളിച്ചവും ദൂരകാഴ്ചയും കുറഞ്ഞതിനാല്‍ നഗരത്തില്‍ വാഹന ഗതാഗതം താറുമാറായി. ഇന്നലെ തുടങ്ങിയ കാലാവസ്ഥ വ്യതിയാനം ഇന്നു കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
രാവിലെ ഒമ്പത് മണി വരെ ഡല്‍ഹിയില്‍ കൂരിരുട്ടായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇടിമിന്നലിന്റെയും ആലിപ്പഴവര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് പലയിടത്തും രാവിലെ മുതല്‍ മഴ പെയ്തത്. മൂടല്‍മഞ്ഞും കാഴ്ച പരിധിയും കുറഞ്ഞതിനാല്‍ റെയില്‍ സര്‍വീസ് വൈകുകയാണ്. നഗരത്തില്‍ നിന്നുള്ള 15 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്.
തിങ്കളാഴ്ച ഉച്ച മുതലാണ് കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചത്. നഗരത്തിന്റെ വിവിധ മേഖലയില്‍ ഇടിക്കും മഴക്കും സാധ്യതയുണ്ടെന്ന് മെറ്റീരിയോളജിക്കല്‍ വകുപ്പ് അറിയിച്ചു.
