ന്യൂഡല്‍ഹി: ഹാദിയയെ ഇന്ന് ഡല്‍ഹിയില്‍ നിന്നും സേലത്തേക്ക് കൊണ്ട് പോകും. ഹാദിയയെ അച്ഛനൊപ്പവും ഭര്‍ത്താവിനൊപ്പവും വിടാതെ തത്കാലത്തേക്കു പഠനം പൂര്‍ത്തിയാക്കാനും ഡല്‍ഹിയില്‍നിന്നു നേരെ സേലത്തെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോകാനുമായിരുന്നു കോടതിയുടെ ഉത്തരവ്. ഇതേതുടര്‍ന്നാണ് സേലത്തേക്ക് കൊണ്ടുപോകുന്നത്.
യാത്ര കൊച്ചി വഴിയാണോ കോയമ്പത്തൂര്‍ വഴിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തമിഴ്നാട് പൊലീസിന്‍റെ കനത്ത സുരക്ഷയിലായിരിക്കും ഹാദിയയുടെ തുടര്‍പഠനം. അതിനാല്‍ ഭര്‍ത്താവ് അടക്കമുള്ളവര്‍ക്ക് ഹാദിയയെ കാണാനോ സംസാരിക്കുവാനോ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സര്‍വകലാശാല ഡീന്‍ ആയിരിക്കും ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനെന്നും കോടതി ഉത്തരവിലൂടെ അറിയിച്ചു. ജനുവരി മൂന്നിന് ഈ കേസ് വീണ്ടും പരിഗണിക്കും.
ഇതിനിടെ, തനിക്ക് സ്വാതന്ത്ര്യം വേണമെന്നും തന്‍റെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഭര്‍ത്താവിന്‍റെ ചെലവില്‍ പഠിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കോടതി മുമ്പാകെ അറിയിച്ചു. കഴിഞ്ഞ പതിനൊന്നു മാസമായി താന്‍ മാനസികപീഡനം അനുഭവിക്കുകയാണ്. മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് വീടുവിട്ടതെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. മനുഷ്യനെന്ന പരിഗണന തനിക്ക് ലഭിക്കണമെന്നും ഭര്‍ത്താവിനെ കാണണമെന്നും ഭര്‍ത്താവാണ് തന്‍റെ രക്ഷകര്‍ത്താവെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു.
അതേസമയം ഹാദിയ പഠനം പൂര്‍ത്തിയാക്കാനുള്ള അപേക്ഷ നല്‍കിയാല്‍ ഉടന്‍ അത് സര്‍വകലാശാലയ്ക്ക് നല്‍കുമെന്നും 15 ദിവസത്തിനുള്ളില്‍ ഹാദിയയ്ക്ക് കോഴ്സില്‍ തിരികെ ജോയിന്‍ ചെയ്യാമെന്നും ശിവരാജ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ജി കണ്ണന്‍ വ്യക്തമാക്കി. കോളേജില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുമെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. ഹാദിയ ആദ്യം ക്യാംപസില്‍ വന്ന് പഠനം തുടരാനാഗ്രഹമുണ്ടെന്ന അപേക്ഷ നല്‍കണം. സുപ്രീംകോടതി ഉത്തരവ് കൂടി ഉള്‍പ്പെടുത്തി അപേക്ഷ സര്‍വകലാശാലയ്ക്ക് നല്‍കും. 15-20 ദിവസത്തിനകം ഹാദിയയ്ക്ക് കോഴ്സിന് തിരികെ ജോയിന്‍ ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

