ഗൂഗിള്‍ പേയ്ക്ക് അനര്‍ഹമായ മുന്‍ഗണന; ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവ്

പ്ലേസ്റ്റോറിലും ആന്‍ഡ്രോയ്ഡിലുമുള്ള മുന്‍തൂക്കം ഉപയോഗിച്ച്‌ മറ്റ് സേവനദാതാക്കളേക്കാള്‍ ആനുകൂല്യം എടുക്കുന്നുവെന്ന പരാതിയില്‍ ‘ഗൂഗിള്‍ പേ’യ്‌ക്കെതിരെ അന്വേഷണം നടത്താന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിട്ടു. മൊബൈല്‍ പേമെന്റ് മേഖലയിലെ മറ്റ് സേവനദാതാക്കളേക്കാള്‍ അനര്‍ഹമായ മുന്‍ഗണന ഗൂഗിള്‍ എടുക്കുന്നുവെന്നും ഇത് രാജ്യത്തെ നിയമങ്ങള്‍ക്ക് എതിരാണെന്നുമുള്ള പരാതിയിലാണ് ഉത്തരവ്.

പ്ലേസ്റ്റോറിലെ പെയ്ഡ് ആപ്പുകള്‍ക്കും ഇന്‍-ആപ്പ് പര്‍ച്ചേസുകള്‍ക്കും പണമടക്കാന്‍ നിലവിലുള്ള ഏക മൊബൈല്‍ പേയ്‌മെന്റ് സംവിധാനം ഗൂഗിള്‍ പേ മാത്രമാണ്. ഇന്‍-ആപ്പ് പര്‍ച്ചേസുകള്‍ക്ക് 30 ശതമാനം വരെ കമ്മീഷന്‍ ഗൂഗിള്‍ ഈടാക്കുന്നുമുണ്ട്. ഇത് അന്യായമായ വിവേചനമാണെന്നും, വിപണിയിലുള്ള മറ്റ് ആപ്പുകള്‍ക്ക് അവസരം നിഷേധിക്കലാണെന്നും അന്വേഷണത്തിനുള്ള ഉത്തരവില്‍ സിസിഐ വ്യക്തമാക്കുന്നു. ആന്‍ഡ്രോയ്ഡ് മൊബൈലുകളില്‍ ഗൂഗിള്‍ പേ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ശരിയല്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

പ്ലേസ്റ്റോറിലെ പര്‍ച്ചേസിന് മറ്റ് സേവനദാതാക്കള്‍ക്ക് അവസരം നല്‍കാതെ ഗൂഗിള്‍ പേ മാത്രം ഉപയോഗിക്കണമെന്ന നിര്‍ബന്ധം, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ആയി ഗൂഗിള്‍ പേ മാത്രം നല്‍കുന്നത്, പ്ലേസ്റ്റോറില്‍ ഗൂഗിള്‍ പേയ്ക്കുള്ള മുന്‍നിര സ്ഥാനം തുടങ്ങിയവ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയാണ് സിസിഐക്ക് ലഭിച്ചത്. കോംപറ്റീഷന്‍ ആക്ടിന്റെ 26 (1) വകുപ്പുകള്‍ പ്രകാരം അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ അശോക് കുമാര്‍ ഗുപ്ത സിസിഐ ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടു.

prp

Leave a Reply

*