സ്വര്‍ണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; അനുമതി തേടി എന്‍ഐഎ

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്. എന്‍ഐഎ സംഘം യുഎഇയിലേക്ക് പോകും. യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ അന്വേഷണസംഘം ഉടന്‍തന്നെ യുഎഇയിലെത്തും.

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയ്‌ക്ക് സ്വര്‍ണക്കടത്തിനെ കുറിച്ച്‌ അറിയാമായിരുന്നെന്ന് ഇപ്പോള്‍ അന്വേഷണസംഘത്തിന്റെ പിടിയിലുള്ള പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും പറഞ്ഞിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സൂചന. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു പിന്നാലെ അറ്റാഷെ അടക്കമുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ യുഎഇയിലേക്ക് തിരിച്ചുപോയത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധത്തിലുറച്ച്‌ നില്‍ക്കുകയാണ് എന്‍ഐഎ. തീവ്രവാദ ബന്ധത്തിന്റെ വിശദാംശങ്ങള്‍ ഇന്നു കോടതിയെ അറിയിക്കും. അന്വേഷണത്തിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കേസ് ഡയറി ഹാജരാക്കാന്‍ എന്‍ഐഎ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സ്വര്‍ണക്കടത്ത് വഴി സ്വരൂപിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നതായും കഴിഞ്ഞയാഴ്‌ച എന്‍ഐഎ കോടതിയില്‍ വാദിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ പുരോഗതി വിശദീകരിക്കുന്ന കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

അന്വേഷണസംഘത്തിന്റെ പിടിയിലുള്ള റമീസ് ആണ് സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണിയെന്നാണ് വിലയിരുത്തല്‍. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക എത്തുന്നതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. 7 ദിവസത്തെ കസ്റ്റഡിക്കാലാവധി അവസാനിച്ചതോടെ കെടി റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും. റമീസിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നാണ് എന്‍ഐഎ നിലപാട്.

prp

Leave a Reply

*