പത്തനംതിട്ടയിലെ തീപിടിത്തത്തിന് കാരണം ചിപ്സ് വറുക്കുന്നതിനിടെയുണ്ടായ അശ്രദ്ധ; വിശദ അന്വേഷണം നടത്തും

പത്തനംതിട്ട: വ്യാപാര സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതാണ് പത്തനംതിട്ട നഗരത്തിലെ തീ പിടിത്തതിന് കാരണമെന്ന് അഗ്നിശമന സേന.

ഉപ്പേരി വറുക്കുന്നതിനിടെ എണ്ണയില്‍ നിന്ന് തീ പടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് തീപിടിത്തം സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചു.

അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് തീപിടിത്തിന്റെ കാരണം വ്യക്തമായത്. അശാസ്ത്രീയമായ രീതിയില്‍ തെരുവോരത്ത് ബേക്കറി പ്രവര്‍ത്തിച്ചതും പാചകം ചെയ്തതുമാണ് അപകടത്തിനിടയാക്കിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിപ്സ് വറുക്കുന്ന ചട്ടിയിലെ എണ്ണയില്‍ തീ പിടിച്ചതും അത് എല്‍ പി ജി സിലിണ്ടറിലേക്ക് വ്യാപിച്ചതുമാണ് സ്‌ഫോടനത്തിന് കാരണമായത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ കൂടുതല് പരിശോധനകള്‍ ആവശ്യമാണന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്നലെയുണ്ടായ തീപിടിത്തതിനും സ്‌ഫോടനത്തിനും പിന്നാലെ നഗരത്തിലെ നാല് വ്യാപാര സ്ഥാപനങ്ങളാണ് പൂര്‍ണമായും കത്തി നശിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റ അപകടം സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു.

അപകട സ്ഥലത്ത് ശാസ്ത്രീയ പരിശോധനകളടക്കം നടത്തി ഇന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും വ്യാപാരികളുടെയും കെട്ടിടങ്ങളുടെയും പെര്‍മിറ്റുകള്‍ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അപകടം നടന്ന കെട്ടിട സമുച്ചയങ്ങളടക്കം പത്തനംതിട്ടയിലെ നിരവധി സ്ഥാപനങ്ങളില്‍ തീ പിടുത്തതിന് സാദ്ധ്യതയുള്ളതായാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. നിലവിലെ സാഹചര്യം മുന്‍ നിര്‍ത്തി ഇത്തരം സ്ഥാപനങ്ങള്‍ സംബന്ധിച്ചും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

prp

Leave a Reply

*