ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മരിച്ചവരില്‍ ഒരു മലയാളിയും, രണ്ട് പേരെ കാണാനില്ല

ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഒമ്പത് പേരില്‍ ഒരു മലയാളിയും. എറണാകുളത്തുനിന്നെത്തിയ 13 അംഗ സംഘത്തിലെ ജയശ്രീയാണ് (53) മരിച്ചത്. ജയശ്രീയുടെ മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം.


ഇന്ന് രാവിലെ ഹോട്ടല്‍ അര്‍പ്പിത് പാലസിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തില്‍ 25 പേര്‍ക്ക് പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്.   മലയാളികൾ ഉൾപ്പടെ നിരവധി പേർ ഇവിടെ താമസമുണ്ടായിരുന്നു.

അതേസമയം ഹോട്ടലില്‍ താമസിച്ചിരുന്ന രണ്ട് മലയാളികളെക്കുറിച്ച് വിവരമില്ല. ആലുവ ചേരാനെല്ലൂര്‍ സ്വദേശികളായ പത്തംഗ മലയാളി കുടുംബം ഈ ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു.  ഈ സംഘത്തിലുള്ള നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെയാണ് കാണാതായത്. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് ഇവര്‍ എത്തിയത്.

അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിലുണ്ടായിരുന്നത്. 35 പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഹോട്ടലിന്‍റെ നാലാം നിലയിലാണ് ആദ്യം തീപിടിച്ചത്. ഇത് രണ്ടാം നിലവരെ പടര്‍ന്നു. ഗ്രൗണ്ട് ഫ്ലോറില്‍ എത്തുന്നതിന് മുമ്പ് തീ അണച്ചു.
നാൽപതിലധികം മുറികൾ കത്തിയമർന്നു. 

26 ഓളം അഗ്നിശമന സേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്.  ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ ഏഴുമണിവരെ തീയും ഒപ്പം കനത്ത പുകയും ഉയർന്നു. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമനസേനാ അധികൃതര്‍ അറിയിച്ചു. തീയണച്ചെങ്കിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

prp

Related posts

Leave a Reply

*