സംസ്ഥാനത്തുള്ളത് ഇരുനൂറിലേറെ പ്രശ്‌ന ബാധിത ബൂത്തുകള്‍: തെരഞ്ഞെടുപ്പ് കമ്മിഷന്‍

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രശ്നബാധിത ബൂത്തുകളിലെല്ലാം കേന്ദ്രസേനയെ വിന്യസിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Election-Commissioner-of-India

തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളില്‍ കമ്മീഷന് പരിപൂര്‍ണ തൃപ്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തുള്ള 21,000 പോളിംഗ് ബൂത്തുകളിലായി ഇരുനൂറിലേറെ പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. സംഘര്‍ഷങ്ങളും മറ്റും ഒഴിവാക്കുവാന്‍ കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രസേനയെ വിന്യസിക്കും.

കള്ളപ്പണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതുവരെ സംസ്ഥാനത്ത് നിന്ന് 19 കോടി രൂപയുടെ കള്ളപ്പണവും 12 കിലോഗ്രാം സ്വര്‍ണവും വലിയ തോതില്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നടപടികളും പരിശോധനകളും തുടരും. പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തുന്ന സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.

ഇന്‍റര്‍നെറ്റ് സൗകര്യമില്ലെങ്കില്‍ അവിടെ സ്റ്റാറ്റിക്ക് ക്യാമറ സ്ഥാപിക്കുന്നതിനൊപ്പം സൂക്ഷ്മ നിരീക്ഷകരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ സൂക്ഷമ നിരീക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കനത്ത ചൂട് കണക്കിലെടുത്ത് ബൂത്തുകളില്‍ കുടിവെള്ള വിതരണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. അംഗപരിമിതര്‍ക്ക് സുഗമമായി വോട്ട് ചെയ്യാന്‍ സൗകര്യങ്ങളൊരുക്കും. 250 വനിതാ പോളിംഗ് ബൂത്തുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

കള്ളവോട്ടുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. തിരഞ്ഞെടുപ്പിനായി പണം വാങ്ങി വാര്‍ത്ത നല്‍കിയാല്‍ മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും നസീം സെയ്ദി പറഞ്ഞു.

prp

Leave a Reply

*