മിസൈലുകള്‍ അടുക്കില്ല , റഡാറുകള്‍ കാണില്ല, മോദിക്ക് പറക്കാന്‍ അമേരിക്കയുടെ എയര്‍ഫോഴ്സ് വണ്ണിനെ അതിശയിപ്പിക്കുന്ന പുത്തന്‍ വിമാനം ഇന്നെത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉലകം ചുറ്റാന്‍ അത്യുഗ്രന്‍ വിമാനം ഇന്ന് ഇന്ത്യയിലെത്തും. രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് മാത്രമായി ഉപയോഗിക്കാനുളള വി.വി.ഐ.പി വിമാനമായ എയര്‍ ഇന്ത്യ വണ്‍ ( എ.ഐ 160) ഇന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യു.എസ് പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് വിമാനത്തിലുളളത്. 8458 കോടി രൂപയ്‌ക്ക് വാങ്ങുന്ന രണ്ട് വിമാനങ്ങളില്‍ ഒന്നാണ് ഇന്ന് ഇന്ത്യയിലെത്തുന്നത്.

എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുന്നത്. നിലവില്‍ ‘എയര്‍ ഇന്ത്യ വണ്‍’ എന്നറിയപ്പെടുന്ന ബി 747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ സഞ്ചരിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരാണ് ഈ വിമാനങ്ങള്‍ പറത്തുന്നത്. പ്രമുഖ നേതാക്കള്‍ക്കു വേണ്ടി സര്‍വീസ് നടത്താതിരിക്കുമ്ബോള്‍ വാണിജ്യ സര്‍വീസുകള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പുതുതായി എത്തുന്ന വിമാനങ്ങള്‍ വി.വി.ഐ.പികളുടെ യാത്രയ്ക്ക് വേണ്ടി മാത്രമാവും ഉപയോഗിക്കുക.

ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് (LAIRCM), സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ് (SPS), മിസൈല്‍ പ്രതിരോധ സംവിധാനം എന്നിവ വിമാനത്തിലുണ്ടാകും. 1434 കോടി (19 കോടി ഡോളര്‍) രൂപയ്ക്കാണ് യു.എസില്‍ നിന്ന് ഈ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നത്. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ് വലിയ വിമാനങ്ങളെ ഇന്‍ഫ്രാറെഡ് പോര്‍ട്ടബിള്‍ മിസൈലുകളില്‍ നിന്നു സംരക്ഷിക്കും. ഇന്‍ഫ്രാറെഡ് സെന്‍സറുകളാണു മിസൈലിന്റെ ദിശ മനസിലാക്കുക. വിമാനത്തില്‍ നിന്ന് പല ദിശകളിലായി പുറപ്പെടുവിക്കുന്ന തീനാളങ്ങള്‍ മിസൈലുകളുടെ ഗതി മാറ്റും. ഇതിനായി പൈലറ്റ് ഒന്നും ചെയ്യേണ്ട. ശത്രു റഡാറുകള്‍ സ്തംഭിപ്പിക്കുന്ന ജാമറുകളും വിമാനത്തിലുണ്ട്.

വിമാനത്തിനുളളില്‍ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാര്‍ത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സ സൗകര്യങ്ങള്‍, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാനുളള സൗകര്യങ്ങള്‍, ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പോലും ക്ഷതമേല്‍ക്കില്ല തുടങ്ങി അമ്ബരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഈ വിമാനത്തിലുളളത്.

ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയാണ് ബോയിംഗ് 777 എയര്‍ ഇന്ത്യ സജ്ജമാക്കിയത്. വൈഫൈ, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

prp

Leave a Reply

*