സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശം; ശബരിമല വിധിയെ ന്യായീകരിച്ച് ദീപക് മിശ്ര

ന്യൂഡല്‍ഹി: പുരുഷന് പ്രവേശനമുളളിടത്ത് സ്ത്രീകള്‍ക്കും പ്രവേശനമുണ്ടാകണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഒരു മതവിഭാഗത്തിലെ പ്രാര്‍ഥനയില്‍ സ്ത്രീകളെ മാത്രമായി വിലക്കാന്‍ കഴിയില്ല. ലിംഗനീതിക്കായി പോരാടുന്ന ആള്‍ എന്നറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും ദീപക് മിശ്ര പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിധിയെക്കുറിച്ചായിരുന്നു മുന്‍ ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം.

ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ആര്‍ത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നും അഞ്ചംഗ ബെഞ്ചിലെ നാലു പേര്‍ വിധിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ശബരിമലയില്‍ ഈ മാസം തന്നെ വനിതാ പൊലീസിനെ നിയോഗിക്കാന്‍ തീരുമാനമായി. വനിതാ പൊലീസിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു. ശബരിമലയ്ക്ക് പോകാന്‍ ചില വനിതാ പൊലീസിന് എതിര്‍പ്പുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിശ്വാസവും ജോലിയും രണ്ടാണെന്ന് ഡിജിപി പറഞ്ഞു.

പ്രതിഷേധങ്ങള്‍ തുടരുന്നുണ്ടെങ്കിലും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള അതിവേഗ തയാറെടുപ്പിലാണ് പൊലീസും സംസ്ഥാന സര്‍ക്കാരും. തുലാമാസ പൂജക്കായി നട തുറക്കുമ്പോള്‍ തന്നെ സ്ത്രീകളെത്തിയേക്കാമെന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍ 15-ാം തീയതിയോടെ സന്നിധാനത്തടക്കം വനിതാ പൊലീസിനെ നിയോഗിക്കാനാണ് തീരുമാനം.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നും വനിതാ പൊലീസിനെയെത്തിക്കും. മുപ്പത് പേരടങ്ങുന്ന സംഘത്തെ അയക്കണമെന്നാണ് അവിടത്തെ പൊലീസ് മേധാവിമാരോട് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഓരോ ഘട്ടത്തിലും നാനൂറ് വനിതാ പൊലീസിനെ കണ്ടെത്തണം. ശബരിമല ഡ്യൂട്ടിക്ക് പോകാന്‍ ചിലര്‍ക്ക് എതിര്‍പ്പുള്ളതായി രഹസ്യാന്വേഷണവിഭാഗം അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിശ്വാസവും ജോലിയും രണ്ടാണെന്നാണ് ഡിജിപിയുടെ നിലപാട്. എങ്കിലും പരമാവധി താല്‍പര്യമുള്ളവരെ കണ്ടെത്തി തിങ്കളാഴ്ചക്കകം അറിയിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*