ദളിതരെയും വനിതകളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ലെന്ന് മോദി; പ്രധാനമന്ത്രിയുടെ പ്രസംഗം തടഞ്ഞ് പ്രതിപക്ഷ പ്രകോപനം

ന്യൂദല്‍ഹി: ദളിതരെയും വനിതകളെയും കര്‍ഷകരുടെ മക്കളെയും കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ ലോക്സഭയില്‍ പരിചയപ്പെടുത്തിയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തിയതിനു രൂക്ഷമായ ഭാഷയില്‍ പ്രധാനമന്ത്രി മറുപടി നല്‍കി.

സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പ്രസംഗിക്കുമ്ബോഴായിരുന്നു പ്രതിപക്ഷ ബഹളം. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ നേതൃത്വത്തിലാണ് ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത്. കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങളിലെ വനിതകളുടെ വലിയ സാന്നിധ്യത്തെ പ്രധാനമന്ത്രി പ്രസംഗത്തില്‍ പ്രശംസിച്ചു. ദളിത് – വനവാസി വിഭാഗങ്ങളില്‍ നിന്നുള്ള നിരവധി സഹോദരങ്ങള്‍ കേന്ദ്രമന്ത്രിമാരായതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരും ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്നു വന്നവരും കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായി മാറിയെന്നും മോദി പറഞ്ഞു.

സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്ബ് പാര്‍ലമെന്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കനത്ത മഴയ്ക്കിടെ സ്വയം കുട ചൂടിയെത്തിയ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഇന്നലെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി ആ ചിത്രങ്ങള്‍ മാറി. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ചവരെ ബാഹുബലികളായി വിശേഷിപ്പിച്ച പ്രധാനമന്ത്രി നാളെ വൈകിട്ട് കൊവിഡ് വിഷയത്തില്‍ സഭയില്‍ വിശദമായി സംസാരിക്കുമെന്നും വ്യക്തമാക്കി. ഏറ്റവും ബുദ്ധിമുട്ടേറിയതും മൂര്‍ച്ചയേറിയതുമായ ചോദ്യങ്ങളുന്നയിക്കാന്‍ പ്രതിപക്ഷ എംപിമാരോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. സഭയ്ക്കകത്തും പുറത്തും കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ സജ്ജമാണെന്നും സമാധാനപരമായ അന്തരീക്ഷത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അവസരമൊരുക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. എന്നാല്‍ ഇത്തരം അഭ്യര്‍ഥനകളെയെല്ലാം വിഫലമാക്കി തരംതാണ നിലയിലുള്ള പ്രതിഷേധത്തിലേക്ക് കോണ്‍ഗ്രസ് എംപിമാര്‍ ലോക്സഭയെ കൊണ്ടുപോകുന്നതാണ് പിന്നീട് കണ്ടത്.

ദൗര്‍ഭാഗ്യകരവും അനാരോഗ്യകരവുമായ നടപടികളാണ് സഭയില്‍ ഉണ്ടായതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആരോപിച്ചു. 24 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി തന്റെ മന്ത്രിസഭാംഗങ്ങളെ സഭയ്ക്ക് പരിചയപ്പെടുത്താനാവാതെ പോയതു കാണുന്നത്. ഇത് ശരിയല്ല. പരമ്ബരാഗത രീതികള്‍ തടസ്സപ്പെടുത്തുന്നത് നല്ലതിനല്ല, രാജ്നാഥ് സിങ് മുന്നറിയിപ്പ് നല്‍കി.

prp

Leave a Reply

*