കൊലയും തിരിച്ചടിയും കരുതിക്കൂട്ടി ; ആര്‍എസ്‌എസ്‌ അക്രമം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ എസ്‌ഡിപിഐയും തയ്യാറെടുത്തിരുന്നു

ആലപ്പുഴ
എസ്ഡിപിഐ, ആര്‍എസ്‌എസ് നേതാക്കളുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ. അഭിഭാഷകനായ എസ്ഡിപിഐ സംസ്ഥാന നേതാവ് ഷാനിനെ ആര്‍എസ്‌എസുകാര്‍ കൊലപ്പെടുത്തിയത് ശനിയാഴ്ച രാത്രി.

പിറ്റേന്ന് പുലര്‍ച്ചെ ബിജെപിയുടെ സംസ്ഥാന നേതാവും അഭിഭാഷകനുമായ രഞ്ജിത്ത് ശ്രീനിവാസനെ എസ്ഡിപിഐക്കാരും കൊലപ്പെടുത്തി. മണ്ണഞ്ചേരി സ്വദേശിയില്‍ നിന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ പ്രസാദ് ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞ് കാര്‍ വാടകയ്ക്ക് എടുക്കുന്നത് ഡിസംബര്‍ 16ന്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഷാനിന്റെ പോക്കുവരവ് നിരീക്ഷിച്ചു. ശനിയാഴ്ച മണ്ണഞ്ചേരി പൊന്നാട് റോഡില്‍ കപ്പേഴം ജങ്ഷനുസമീപത്തെ തെരുവുവിളക്ക് ഇവര്‍ ഓഫാക്കി. സ്കൂട്ടറിലെത്തിയ ഷാനിനെ ഇടിച്ചു വീഴത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. കാറിന്റെ ഹെഡ് ലൈറ്റ് വെളിച്ചത്തിലാണ് കൃത്യം നിര്‍വഹിച്ചത്. മുന്‍കാല സംഭങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്‌എസ് അക്രമം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ എസ്ഡിപിഐയും തയ്യാറെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് പുലരും മുമ്ബേ 12 അംഗ എസ്ഡിപിഐ സംഘം ആലപ്പുഴ വെള്ളക്കിണറിലെത്തി കൊലപാതകം നടത്തിയത്.

ആറു ബൈക്കുകളിലായി ഈ സംഘം പോകുന്നതും തിരിച്ചു വരുന്നതും നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. മകള്‍ ഹൃദ്യ ട്യൂഷനു പോയശേഷം രഞ്ജിത്തിന്റെ ഭാര്യ കതക് ചാരി അടുക്കളയിലേക്ക് കയറിയ സമയത്ത് ഇരച്ചെത്തിയ അക്രമികള്‍ കതക് തള്ളിത്തുറക്കുകയായിരുന്നു. അക്രമികള്‍ ഹാളില്‍ ഉണ്ടായിരുന്ന ടീപ്പോയ് കൂടംകൊണ്ട് അടിച്ച്‌ തകര്‍ത്തു. ഉറങ്ങുകയായിരുന്ന രഞ്ജിത്ത് ബഹളംകേട്ട് എഴുന്നേറ്റപ്പോള്‍ കൂടംകൊണ്ട് തലയ്ക്കും മുഖത്തും അടിച്ചു. ബോധമറ്റ് വീണപ്പോള്‍ കാലില്‍ ആഞ്ഞുവെട്ടി. തുടയിലെ മാംസം വെട്ടേറ്റ് തൂങ്ങി. രഞ്ജിത്ത് ശ്രീനിവാസന്റെ വീടിനെക്കുറിച്ച്‌ കൃത്യമായ ധാരണ ബൈക്കിലെത്തിയവര്‍ക്ക് ഉണ്ടായിരുന്നെന്ന് ക്യാമറാ ദൃശ്യത്തില്‍ വ്യക്തം. പ്രദേശത്ത് ദിവസങ്ങള്‍ നീണ്ട നിരീക്ഷണവും ആസൂത്രണവും നടത്തി. ശനിയാഴ്ച രാത്രി 10.30ന് രണ്ടു പേര്‍ ഇരുചക്രവാഹനത്തില്‍ രഞ്ജിത്തിന്റെ വീടിന് മുന്നില്‍ എത്തിയിരുന്നു. ഇവരെ കണ്ട് എന്തിന് വന്നതാണെന്ന് രഞ്ജിത്തിന്റെ അമ്മ അന്വേഷിച്ചപ്പോള്‍, ഒന്നുമില്ലെന്ന് പറഞ്ഞ് തിരികെ പോയി. പ്രധാന റോഡില്‍ നിന്നും നൂറുമീറ്ററിലേറെ ഇടവഴിയിലൂടെ വേണം രഞ്ജിത്തിന്റെ വീട്ടില്‍ എത്താന്‍. രഞ്ജിത്തിന്റെ വീട്ടിലേയ്ക്കുള്ള വഴിയും വീടിന്റെ സ്ഥാനവുമെല്ലാം നോക്കി വയ്ക്കാന്‍ എത്തിയവരായിരിക്കണം ഇവര്‍ എന്നാണ് സംശയിക്കുന്നത്.

prp

Leave a Reply

*