ഇന്ന് കൊറോണ, അന്ന് വിഷജ്വരം

ആലപ്പുഴ: ലക്ഷണം പനി. കുട്ടികളിലും പ്രായമായവരിലുമായിരുന്നു പെട്ടെന്ന് പടര്‍ന്നുപിടിച്ചത്. സമ്ബര്‍ക്കത്തിലൂടെയാണ് രോഗവ്യാപനമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം. സിനിമാ തിയേറ്ററുകളും സ്‌കൂളുകളും അടച്ചിട്ടു.

നിയമസഭാ സമ്മേളനം 23 ദിവസത്തേക്ക് നിര്‍ത്തിവെച്ചു; ഇത് കൊറോണ പ്രതിരോധനടപടികളല്ല, 63 വര്‍ഷംമുമ്ബ് ‘ഇന്‍ഫ്‌ലുവന്‍സ’ പടര്‍ന്നുപിടിച്ചപ്പോള്‍ കേരളം കാട്ടിയ ജാഗ്രത. അതിന്റെ ആവര്‍ത്തനംതന്നെയാണ് കൊറോണയെ തുരത്താനും സ്വീകരിക്കുന്നത്.

ഇന്ന് കൊറോണയെ പേടിക്കുന്നതുപോലെതന്നെ അന്ന് കേരളം ഇന്‍ഫ്‌ലുവന്‍സയെ പേടിച്ചു. അതേ ഇന്‍ഫ്‌ലുവന്‍സ ഇന്ന് പാവത്താനായി നമുക്കൊപ്പം ഉണ്ടെന്നത് മറ്റൊരു വാസ്തവം.

അന്നും ഇതുതന്നെയായിരുന്നു സ്ഥിതി. ആരും പുറത്തിറങ്ങരുതെന്നായിരുന്നു നിര്‍ദേശം. തിയേറ്ററുകളും സ്‌കൂളുകളും ആലപ്പുഴയില്‍ അടച്ചിട്ടു. ജനങ്ങള്‍ കൂട്ടംകൂടരുതെന്നായിരുന്നു ഉത്തരവ്: അന്ന് ആലപ്പുഴയില്‍ പോലീസുകാരനായിരുന്ന മാടപ്പള്ളി സ്വദേശിയായ 90-കാരന്‍ എം.എന്‍. നാണുനായര്‍ പഴയ ഇന്‍ഫ്‌ലുവന്‍സ കാലം ഓര്‍ക്കുന്നു.

കൊറോണ ചൈനയില്‍നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെങ്കില്‍ ഇന്‍ഫ്‌ലുവന്‍സ അഥവാ വിഷജ്വരത്തിന്റെ പ്രഭവകേന്ദ്രം ജപ്പാനും സിംഗപ്പൂരുമായിരുന്നു. സിംഗപ്പൂരില്‍നിന്ന് രജുല എന്ന കപ്പലില്‍ വന്ന യാത്രക്കാരില്‍നിന്നുമാണ് ഇന്ത്യയില്‍ പടര്‍ന്നത്. മദ്രാസ് തുറമുഖത്ത് അടുത്ത കപ്പലിലെ യാത്രക്കാരില്‍ ചിലരെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പകര്‍ന്ന രോഗം വളരെവേഗം ഇന്ത്യയില്‍ പടരുകയായിരുന്നെന്നാണ് അന്നത്തെ മാതൃഭൂമിയുടെ പഴയ താളുകള്‍ പറയുന്നത്.

രാജ്യമാകെ 44.51 ലക്ഷം പേര്‍ക്ക് രോഗബാധയുണ്ടായി. 1098 പേര്‍ മരിച്ചു. കേരളത്തിലും അനേകര്‍ക്ക് ജീവഹാനി സംഭവിച്ചു.

ബോംബെ, കല്‍ക്കത്ത, വിജയവാഡ, മദ്രാസ്, മധുര, മംഗലാപുരം തുടങ്ങിയ വന്‍ നഗരങ്ങളെയെല്ലാം വലിയതോതില്‍ തളര്‍ത്തിയ രോഗം കേരളത്തില്‍ വന്‍ നാശംവിതയ്ക്കുമെന്ന് അന്നത്തെ ആരോഗ്യവകുപ്പ് നല്‍കിയ മുന്നറിയിപ്പ് അടക്കമുള്ള വാര്‍ത്തകള്‍ പഴയ പത്രത്താളുകളില്‍ വായിക്കാം.

പ്രധാനമന്ത്രി നെഹ്രു, വിജയലക്ഷ്മി പണ്ഡിറ്റ് തുടങ്ങിയവര്‍ക്ക് ഇന്‍ഫ്‌ലുവന്‍സ ബാധിച്ച വാര്‍ത്തകളും 57-ലെ മാതൃഭൂമി താളുകളിലുണ്ട്. കോയമ്ബത്തൂരില്‍നിന്നുള്ള ‘സമുതായം’ എന്ന പത്രത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെക്കേണ്ടിവന്നതില്‍നിന്ന് രോഗം അന്നെത്ര തീവ്രമായിരുന്നെന്ന് മനസ്സിലാക്കാം.

prp

Leave a Reply

*