കൊറോണ: ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഇടിവ്; രാജ്യത്ത് മരുന്ന് വില കുതിച്ചുയരുന്നു

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രാജ്യത്ത് മരുന്ന് വില വര്‍ധിക്കുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഇടിവുണ്ടായതോടെയാണ് രാജ്യത്ത് മരുന്നുകള്‍ക്ക് വില വര്‍ധിക്കുന്നത്. കൂടാതെ കടുത്ത മരുന്നു ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.

പാരസെറ്റാമോളിന്റെ വില 40 ശതമാനവും അണുബാധകള്‍ക്ക്‌ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് അസിത്രോമൈസിന്റെ വില 70 ശതമാനവുമാണ് വര്‍ധിച്ചത്. മരുന്നുകള്‍ക്കുള്ള സജീവ ചേരുവകള്‍ 70 ശതമാനവും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൊറോണ ബാധയെത്തുടര്‍ന്ന് ചൈനയില്‍ കമ്ബനികള്‍ അടച്ചുപൂട്ടിയതിനാല്‍ ഇറക്കുമതിയില്‍ ഗണ്യമായ കുറവുണ്ടായി. ഇതോടെയാണ് ഇന്ത്യയില്‍ പ്രതിസന്ധി ഉണ്ടായത്.

ഏപ്രിലോടെ ക്ഷാമവും വിലവര്‍ധനയും രൂക്ഷമാവുമെന്നാണ് സൂചന. ഏപ്രിലോടെ 57 തരം മരുന്നുകള്‍ക്ക് ക്ഷാമം ഉണ്ടാവുമെന്നും സൂചനയുണ്ട്. എച്ച്‌ഐവി പ്രതിരോധത്തിനുള്ള റിറ്റോനാവിര്‍, ലോപ്പിനാവിര്‍, ഹൃദയാഘാതവും ഹൃദ്‌രോഗങ്ങള്‍ക്കുമുള്ള അറ്റോര്‍വാസാസ്‌റ്റിന്‍, ആന്റിബയോട്ടിക്കുകളായ പെന്‍സിലിന്‍–ജി, അമോക്‌സിലിന്‍, ആംപിസിലിന്‍, ടെട്രാസൈക്കിളിന്‍, ഒഫ്ലോക്‌സാസിന്‍, ജെന്റാമൈസിന്‍, മെട്രോനിഡാസോള്‍, ഓര്‍ണിഡാസോള്‍, നാഡീരോഗങ്ങള്‍ക്കുള്ള ഗബാപെന്റിന്‍ തുടങ്ങിയ മരുന്നുകള്‍ക്കാണ്‌ ക്ഷാമമുണ്ടാവാന്‍ സാധ്യത.

ക്ഷാമം ഉണ്ടാവാന്‍ സാധ്യതയുള്ള മരുന്നുകളുടെ പട്ടിക കമ്ബനിക്കാര്‍ സര്‍ക്കാര്‍ സമിതിക്ക്‌ കൈമാറി. പട്ടികയുടെ അടിസ്ഥാനത്തില്‍, നിലവില്‍ ജീവന്‍ രക്ഷാമരുന്നുകള്‍ എത്രത്തോളമുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മരുന്നുകള്‍ എത്രത്തോളം ഉപയോഗിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഡ്രഗ്‌ കണ്‍ട്രോളര്‍ ഓഫ്‌ ഇന്ത്യ ഡോ. ഈശ്വര്‍റെഡ്ഡിയുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങി. ക്ഷാമം നേരിടുന്ന മരുന്നുകളുടെ വില്പന നിയന്ത്രിച്ച്‌ ബദല്‍മരുന്നുകള്‍ വ്യാപകമാക്കാനാണ് തീരുമാനം.

prp

Leave a Reply

*