യാത്രാവിലക്ക്, ‘വീട്ടുതടങ്കല്‍’: കൊറോണയെ മെരുക്കി വുഹാന്‍, ചൈന പ്രതിരോധിച്ചത് എങ്ങനെ

വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 രോഗം ചൈനയില്‍ ഇപ്പോള്‍ ഏകദേശം കെട്ടടങ്ങിയിരിക്കുകയാണ്. ഇറ്റലിയും ഇറാനും സ്‌പെയിനും അടക്കം ലോകത്തിന്റെ മറ്റു മേഖലകളില്‍ അത് വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു ദിവസം ശരാശരി ലോകത്ത് ഈ രോഗത്താല്‍ 500 പേര്‍ വീതം മരിക്കുന്നു.

കൊറോണ വൈറസിനെ നേരിടാന്‍ ചൈന നടത്തിയ കഠിനപ്രയത്‌നങ്ങളാണ് ഇപ്പോള്‍ രോഗത്തെ നിയന്ത്രണവിധേയമാക്കാനും അവിടെ വ്യാപനം പിടിച്ചുനിര്‍ത്താനും സഹായിച്ചത്. എന്തൊക്കെയായിരുന്നു ചൈനയുടെ രോഗപ്രതിരോധ മാര്‍ഗങ്ങള്‍? അതില്‍ അവര്‍ എത്രത്തോളം വിജയിച്ചു? വീഴ്ചകള്‍ എന്തൊക്കെയായിരുന്നു?- നമ്മുടെ രാജ്യത്തും വൈറസ് ബാധ വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സഹായകരമാകും.

ഡിസംബര്‍ മുതല്‍ വുഹാനില്‍ വൈറസ് ബാധ മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ജനുവരി പകുതിയോടെയാണ് ചൈനീസ് അധികൃതര്‍ കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേയ്ക്ക് കടക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപ്പോഴേയ്ക്കും രോഗബാധ നിയന്ത്രണാതീതമായിക്കഴിഞ്ഞിരുന്നു. വൈറസിന്റെ കേന്ദ്രമായ വുഹാനിലെയും അതിന്റെ ചുറ്റുപാടുമുള്ള 15 നഗരങ്ങളിലെയും ജനങ്ങളുടെ യാത്രകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുകയും വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു ചൈനീസ് അധികൃതര്‍ എടുത്ത നടപടി. വിമാനങ്ങളും ട്രെയിനുകളും ഗതാഗതം നിര്‍ത്തി. റോഡുകള്‍ അടച്ചപൂട്ടി ഗാതാഗതം തടഞ്ഞു.

വിവിധ നഗരങ്ങളിലായി ഏകദേശം 76 കോടി ജനങ്ങളെയാണ് വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. ചൈനയുടെ ആകെ ജനസംഖ്യയുടെ പകുതി പേരാണ് അങ്ങനെ വീട്ടില്‍ അടച്ചുപൂട്ടപ്പെട്ടത്. ഭക്ഷണത്തിനും ചികിത്സാ ആവശ്യങ്ങള്‍ക്കും മാത്രമാണ് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരുന്നത്. രണ്ടു മാസമായി ഈ സ്ഥിതി തുടരുകയാണ്. ദിനംപ്രതി ആയിരങ്ങള്‍ രോഗബാധിതരായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 15ല്‍ താഴെ മാത്രമാണ് പുതിയ രോഗികള്‍. ഇന്നലെയും ഇന്നും വുഹാനില്‍ ഓരോ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്‌. ജനങ്ങളുടെ സാമൂഹ്യമായ ഇടപടല്‍ ഏകദേശം പൂര്‍ണമായും തടഞ്ഞതോടെയാണ് രോഗബാധ ഇത്രയേറെ കുറയ്ക്കാനായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന് മുമ്ബുവരെ വൈറസ് ബാധിതനായ ഒരാളില്‍നിന്ന് രണ്ടുപേര്‍ക്ക് വൈറസ് പകരുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇതാണ് രോഗബാധ അതിവേഗത്തിലാക്കാന്‍ ഇടയാക്കിയത്. ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാതായ ആദ്യത്തെ ഏഴു ദിവസംകൊണ്ട് രോഗബാധയുടെ തോത് 1.5 (ഒരാളില്‍നിന്ന് മറ്റുള്ളവരിലേയ്ക്ക് പകരുന്നതിന്റെ തോത്) ആയി കുറയ്ക്കാനായി.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം മാര്‍ച്ച്‌ 16 വരെ ചൈനയില്‍ രോഗബാധിതരായ ആകെ ആളുകളുടെ എണ്ണം 81,000 ആണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും ചൈന സ്വീകരിച്ച നടപടികള്‍ ലക്ഷ്യംകണ്ടു എന്നുതന്നെയാണ് ഇപ്പോഴത്തെ നില വ്യക്തമാക്കുന്നതെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ആരോഗ്യവിദഗ്ധനായ ക്രിസ്റ്റഫര്‍ ഡൈ പറയുന്നു. അല്ലായിരുന്നെങ്കില്‍ രോഗബാധിതരുടെ എണ്ണം ഇപ്പോഴത്തേതിനേക്കാള്‍ 20-40 മടങ്ങ് അധികമാകുമായിരുന്നെന്നും അദ്ദേഹം പറയുന്നു.

വിവിധ നഗരങ്ങള്‍ക്കിടയിലുള്ള യാത്രകള്‍ ഒഴിവാക്കിയതാണ് മറ്റു നഗരങ്ങളിലേയ്ക്ക് വ്യാപിക്കുന്നതില്‍നിന്ന് തടഞ്ഞത്. തീരെ പരിമിതമായ ഇടങ്ങളില്‍ മാത്രമാണ് ജനങ്ങള്‍ സഞ്ചരിച്ചതെന്ന് മൊബൈല്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പരിശോധിച്ച്‌ ഗവേഷകര്‍ കണ്ടെത്തുന്നു. ഇങ്ങനെ ജനങ്ങള്‍ വീടുകളില്‍ത്തന്നെ കഴിഞ്ഞതു മൂലം വ്യക്തികളില്‍നിന്ന് വ്യക്തികളിലേയ്ക്ക് നേരിട്ടുള്ള വ്യാപനവും വലിയതോതില്‍ കുറയ്ക്കാനായി.

വൈറസ് വ്യാപിക്കുന്നതില്‍ ജനങ്ങളുടെ സഞ്ചാരം കുറയ്ക്കുക എന്നതിനുതന്നെയാണ് പ്രധാന്യമെങ്കിലും രോഗബാധ നേരത്തെ തന്നെ കണ്ടെത്തുന്നതും രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കുന്നതും രോഗബാധ തടയുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണം സിങ്കപ്പുരാണ്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും വൈറസ് ബാധ സ്ഥിരീകരിച്ചവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കുകയും അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുകയും ചെയ്തു. അതാണ് വൈറസ് ബാധ 250ന് താഴെ മാത്രമാക്കി ചുരുക്കാന്‍ അവരെ സഹായിച്ചത്.

വളരെ വൈകിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് എന്നതാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈറസ് ബാധ വ്യാപകമായിത്തുടങ്ങിയ ഡിസംബറിലും ജനുവരിയുടെ തുടക്കംവരെയും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ അലസതയാണ് കാട്ടിയത്. ഇത് കാര്യത്തിന്റെ ഗൗരവം തിരിച്ചറിയുന്നതിനും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലും കാലതാമസത്തിനിടയാക്കി. പിന്നീട് ലോകവ്യാപകമായി വൈറസ് പടരുന്നതില്‍ ഇത് നിര്‍ണായക പങ്കുവഹിച്ചതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരാഴ്ചനേരത്തെ കാര്യക്ഷമമായ നടപടിയിലേയ്ക്ക് കടന്നിരുന്നെങ്കില്‍ 67 ശതമാനം രോഗബാധ തടയാന്‍ സാധിക്കുമായിരുന്നെന്ന് ബ്രിട്ടണിലെ സൗത്താപ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ ലായ് ഷെങ്ജി, ആന്‍ഡ്രു ടാറ്റെം എന്നിവര്‍ പറയുന്നു. ജനുവരി ആദ്യമായിരുന്നെങ്കില്‍ ആകെ രോഗബാധ അഞ്ച് ശതമാനം മാത്രമാക്കി കുറയ്ക്കാനാകുമായിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുംമുന്‍പ് പ്രതിരോധ നടപടികള്‍ ആരംഭിച്ച ചൈനയിലെ മറ്റു നഗരങ്ങളിലെ വൈറസ് ബാധയുടെ കണക്കുകള്‍ ഈ നിഗമനത്തെ സാധൂകരിക്കുകയും ചെയ്യുന്നു. അടിയന്തിരമായി സ്വീകരിക്കേണ്ട പ്രതിരോധ നടപടികളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

prp

Leave a Reply

*