ചൈനീസ് ചാരക്കപ്പലിന് ഇന്ത്യയുടെ പ്രതിരോധം:സിഗ്നല്‍ മതില്‍ തീര്‍ക്കാന്‍ ഇന്ത്യയുടെ നിരീക്ഷണക്കപ്പല്‍; അമ്ബതോളം തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ജാഗ്രത

കൊച്ചി: ശ്രീലങ്കന്‍ തീരത്തെത്തിയ ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5ന് പ്രതിരോധം തീര്‍ത്ത് ഇന്ത്യ.

750 കിലോമീറ്റര്‍ ചുറ്റളവില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള ചൈനീസ് കപ്പലിന് സിഗ്നല്‍ മതില്‍ തീര്‍ക്കാന്‍ ശനിയാഴ്ച തന്നെ ഇന്ത്യ യുടെ നിരീക്ഷണക്കപ്പല്‍ അറബിക്കടലില്‍ നിലയുറപ്പിച്ചിരുന്നു. ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഘടിപ്പിച്ച കപ്പലിന്റെ ദൗത്യം വിജയം കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ നാവിക ആസ്ഥാനമായ കൊച്ചിയില്‍ നിന്നാണ് ചൈനീസ് ചാരക്കപ്പലിനെതിരേയുള്ള പ്രതിരോധം ആസൂത്രണം ചെയ്യുന്നത്.

ഇന്ത്യന്‍ തീരത്തെ കൂടംകുളം, കല്‍പ്പാക്കം ആണവ നിലയങ്ങള്‍, ശ്രീഹരിക്കോട്ട, തുമ്ബ ഐഎസ്‌ആര്‍ഒ കേന്ദ്രങ്ങള്‍, പ്രതിരോധ ഗവേഷണ കേന്ദ്രങ്ങള്‍, കൊച്ചിയടക്കമുള്ള കപ്പല്‍ നിര്‍മാണകേന്ദ്രങ്ങള്‍, സൈനിക വിമാനത്താവളങ്ങള്‍ തുടങ്ങി അമ്ബതോളം സ്ഥാപനങ്ങള്‍ ചൈനീസ് ചാരക്കപ്പലിന്റെ നിരീക്ഷണ പരിധിയിലുണ്ട്. ചൈനീസ് കപ്പല്‍ ലങ്ക വിടുന്ന 22 വരെ എല്ലാ തന്ത്രപ്രധാന കേന്ദ്രങ്ങളിലും ജാഗ്രത പാലിക്കണമെന്നും സുപ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ കൈമാറരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്താണ് ചൈനീസ് ചാരക്കപ്പല്‍ ഇന്നലെ രാവിലെ 8.20ന് അടുത്തത്. ലങ്കന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ചേര്‍ന്ന് ആഘോഷപൂര്‍വമായാണു കപ്പലിനു സ്വീകരണം നല്കിയത്. ഇന്ത്യയും യുഎസും ശക്തമായി എതിര്‍ത്തിട്ടും കപ്പലിന് ലങ്ക പ്രവേശനാനുമതി കൊടുക്കുകയായിരുന്നു. ചാര പ്രവര്‍ത്തനം നടത്തില്ലെന്ന ഉറപ്പ് ചൈന നല്കിയിട്ടുണ്ടെന്നും ഇന്ധനം നിറയ്ക്കാനും ജീവനക്കാരുടെ വിശ്രമത്തിനുമാണ് കപ്പല്‍ വരുന്നതെന്നുമാണ് ലങ്കയുടെ പ്രസ്താവന. ഈ വിശദീകരണം ഇന്ത്യയും യുഎസും വിശ്വസിക്കുന്നില്ല. കപ്പല്‍ അടുക്കുന്ന ഹംബന്‍തോട്ട തുറമുഖം പൂര്‍ണമായും ചൈനീസ് കമ്ബനിയായ ചൈന മര്‍ച്ചന്റ്‌സ് പോര്‍ട്ടിന്റെ ഉടമസ്ഥതയിലാണ്. തുറമുഖത്തോടു ചേര്‍ന്നുള്ള 25,000 ഏക്കര്‍ സ്ഥലവും ഈ കമ്ബനിയുടെ അധീനതയിലാണ്. ഇവിടെ ശ്രീലങ്കന്‍ സര്‍ക്കാരിനു കാര്യമായ നിയന്ത്രണമില്ല. രാജ്യാന്തര നിയമം അനുശാസിക്കുന്ന മട്ടിലുള്ള ശാസ്ത്രീയ ഗവേഷണങ്ങളാണ് യുവാന്‍ വാങ്-5 ലങ്കയില്‍ നടത്തുകയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ ഇന്നലെ വൈകുന്നേരത്തോടെ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ട്, കപ്പല്‍ ചാരപ്രവര്‍ത്തനം നടത്തുമെന്ന മട്ടിലുള്ള പ്രതിരോധ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. യുവാന്‍ വാങ്-5ല്‍നിന്ന് അയയ്ക്കുന്ന നിരീക്ഷണ കോഡുകളും സിഗ്നലുകളും നിര്‍ജ്ജീവമാക്കുകയും ഒപ്പം, ചാരക്കപ്പലിന്റെ നീക്കങ്ങള്‍ പ്രതിചാര പ്രവര്‍ത്തനങ്ങളിലൂടെ മനസ്സിലാക്കുകയുമാണ് ഇന്ത്യന്‍ കപ്പലിന്റെ ദൗത്യം. ഇന്ത്യയുടെ നിരീക്ഷണക്കപ്പല്‍ സ്മാര്‍ട്ടായി ജോലി ചെയ്യുന്നുവെന്നാണ് ദക്ഷിണ നാവിക ആസ്ഥാനത്തുനിന്നു ലഭിക്കുന്ന വിവരം. ഇന്ത്യന്‍ തീരത്ത് ചൈന സാന്നിധ്യം ശക്തമാക്കുന്നതില്‍ യുഎസിനു രൂക്ഷമായ എതിര്‍പ്പുണ്ട്. എന്നാല്‍, ലങ്കയെ പിണക്കുന്ന നടപടികളിലേക്കു പ്രവേശിക്കേണ്ടെന്നാണ് ഇന്ത്യയുടെയും യുഎസിന്റെയും സംയുക്ത തീരുമാനം.

ഇന്ത്യ ഒരു ഡോണിയര്‍ നിരീക്ഷണ വിമാനം തിങ്കളാഴ്ച ലങ്കയ്ക്കു സൗജന്യമായി നല്കിയതിന്റെ തൊട്ടു പിറ്റേന്നാണ് ചൈനീസ് ചാരക്കപ്പല്‍ ലങ്കന്‍ തീരത്ത് എത്തിയതെന്ന വൈരുധ്യമുണ്ട്. കഴിഞ്ഞ 11നാണ് കപ്പല്‍ ലങ്കന്‍ തീരത്ത് എത്തേണ്ടിയിരുന്നത്. ഇന്ത്യയുടെയും യുഎസിന്റെയും എതിര്‍പ്പിനെ തുടര്‍ന്നാണ് അഞ്ചു ദിവസം നീട്ടിവച്ചത്.

prp

Leave a Reply

*