ചൈനയുടെ പ്രകോപനം; ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു, നിരീക്ഷണത്തിനായി ആളില്ലാ വിമാനങ്ങളും

ഡെറാഡൂണ്‍ : ഇന്ത്യന്‍ അതിര്‍ത്തികളിലെ ചൈനയുടെ പ്രകോപനങ്ങളെ തുടര്‍ന്ന് സുരക്ഷ കര്‍ശ്ശനമാക്കി. ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു.

ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച്‌ ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ സഞ്ചാരം ദുഷ്‌കരമായതിനെ തുടര്‍ന്നാണ് ഈ നടപടി. ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങളും അറിയിച്ചു.

ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡ് ചൈന അതിര്‍ത്തി പ്രദേശമായ ഹര്‍സിസില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ സൈന്യത്തെ ഗുര്‍ദോങ് പ്രദേശത്തേക്ക് അയക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് ഇന്ത്യയുടെ ഈ നടപടി. ലഡാക്കിലെ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ടാണ് ചൈന ഈ പ്രകോപനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഗുല്‍ഭോങ് സെക്ടറിന് സമീപത്തായാണ് ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുള്ളത്.

അതേസമയം ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ആളില്ലാ ഹെലികോപ്ടറുകള്‍ വിന്യസിക്കാന്‍ ചൈന പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ചില ചൈനീസ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ എആര്‍500സി ആളില്ലാ ഹെലികോപ്ടറുകളാണ് നിയന്ത്രണ രേഖയില്‍ ചൈന വിന്യസിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

രഹസ്യാന്വേഷണം, ആശയവിനിമയം, ഇലക്‌ട്രോണിക് തകരാറ് പരിഹരിക്കല്‍, തീ അണയ്ക്കല്‍ തുടങ്ങിയ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഹെലികോപ്ടറുകളാണ് എആര്‍500 സി. ഉയര്‍ന്ന പ്രദേശങ്ങൡ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനായി ചൈനയുടെ ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ആണ് ആളില്ലാ ഹെലികോപ്ടര്‍ നിര്‍മിച്ചത്. ന്യൂക്ലിയര്‍ റേഡിയേഷനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഹെലികോപ്ടറുകള്‍ക്ക് രാസമലിനീകരണ അന്തരീക്ഷത്തിലും പ്രവര്‍ത്തിക്കാന്‍ കഴിവുണ്ട്.

prp

Leave a Reply

*