ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ‘അവിശ്വാസ് മേത്ത’ ആയി: ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം സംസ്ഥാന സര്‍ക്കാരിനെതിരായ ആയുധമാക്കി പ്രതിപക്ഷം. പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടിത്തം യാദൃശ്ചികമല്ലെന്നും അട്ടിമറിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപിടിക്കാനുള്ള സാഹചര്യമില്ലെന്നും സെന്‍ട്രലൈസ്ഡ് എസിയുള്ള സ്ഥലത്ത് ഒരു ഫാന്‍ കെട്ടിത്തൂക്കിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഫാന്‍ ആവശ്യമില്ലാത്തയിടത്ത് ആരോ കെട്ടിത്തൂക്കിയത് പോലെയുണ്ട്, അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫാനിന്റെ സ്വിച്ചില്‍ നിന്നുമാണ് തീപിടിത്തത്തിന് കാരണമായ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ചീഫ് സെക്രട്ടറിയേയും ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. വിശ്വാസ് മേത്ത അവിശ്വാസ് മേത്തയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച തീപിടിത്തം ഉണ്ടായപ്പോള്‍ ചീഫ് സെക്രട്ടി സെക്രട്ടറിയേറ്റിലേക്ക് കടന്നു കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസ്, ബിജെപി നേതാക്കളേയും പ്രവര്‍ത്തകരേയും തടഞ്ഞിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഫയലുകള്‍ സൂക്ഷിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തം കേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കേസിലെ തെളിവുകള്‍ നശിപ്പിക്കാതിരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രിയെ വിളിച്ചു വരുത്തണമെന്നും അദ്ദേഹം കത്തില്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

എന്നാല്‍, നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെട്ടതിന്റെ ജാള്യം മറച്ചുവയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

prp

Leave a Reply

*