‘ഡി വൈ എഫ് ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ’; വിവാദ പരാമര്‍ശവുമായി ചെന്നിത്തല

തിരുവനന്തപുരം: ഡി.വെ.എഫ്.ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന വിവാദ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുളത്തുപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് സംഘടനയായ എന്‍.ജി.ഒയുടെ പ്രവര്‍ത്തകനാണോയെന്ന ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ മറുപടി. താന്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസുകാരനല്ലെന്നാണ് അറിഞ്ഞതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായി ഇന്ന് ഉച്ചയ്‌ക്ക് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ വിവാദ പരാമര്‍ശം.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയെ കുളത്തുപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പ്രദീപാണ് തന്റെ വീട്ടില്‍ വച്ച്‌ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനായി വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കൈയ്ക്ക് ആരോഗ്യ പ്രശ്‍നങ്ങളുണ്ടായിരുന്ന യുവതിയ്ക്ക് തന്റെ പരിചയത്തിലുളള ഡോക്ടറെ കാണാന്‍ സഹായം ചെയ്യാമെന്നും ഇയാള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ യുവതി ഇയാളുടെ ഭരതന്നൂരിലെ വാടകവീട്ടിലെത്തുന്നത്.

യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായ പീഡനം നടത്തിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. വീട്ടില്‍ തനിച്ചായിരുന്ന ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും പിടിച്ച്‌ തളളിയിടുകയും ചെയ്തു. കാലുകള്‍ കട്ടിലിന്റെ കാലില്‍ കെട്ടിയിടുകയും വായില്‍ തുണി തിരുകിക്കയറ്റുകയും ചെയ്തു. തുടര്‍ന്ന് പലതവണ ക്രൂരമായ പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതല്‍ പിറ്റേന്ന് രാവിലെ വരെ പീഡിപ്പിച്ചു. ഇയാള്‍ മദ്യലഹരിയായിരുന്നുവെന്നാണ് വിവരം.

prp

Leave a Reply

*