പരസ്പരം ഒറ്റി കാരവന്‍ ഉടമകള്‍, തക്കംപാര്‍ത്ത് മോട്ടോര്‍ വാഹനവകുപ്പ്

കോട്ടയം: കൊവിഡിന് ശേഷം സജീവമായ സിനിമാ ലൊക്കേഷനുകളില്‍ കാരവനുകള്‍ അവിഭാജ്യഘടകമായപ്പോള്‍, ഉടമകളുടെ പരസ്പരമുള്ള പാര ഗുണമായത് മോട്ടോര്‍വാഹനവകുപ്പിന്.

താരങ്ങള്‍ക്ക് വിശ്രമിക്കാനും മേക്കപ്പ് അവശ്യങ്ങള്‍ക്കുമായി ലോക്കേഷനുകളില്‍ വാടകയ്ക്ക് എടുക്കുന്ന കാരവനുകള്‍ മിക്കതും ചട്ടങ്ങള്‍ പാലിക്കാത്തതാണ്. ഉടമകള്‍ മോട്ടോര്‍ വാഹനവകുപ്പിന് പരസ്പരം പരാതി നല്‍കി കസ്റ്റഡിയിലെടുപ്പിച്ച്‌ പിഴയീടാക്കിക്കുകയാണ് പുതിയ രീതി. ഷൂട്ടിംഗ് മുടുങ്ങുന്നത് മൂലം പെട്ടുപോകുന്നത് സിനിമാ നിര്‍മാതാക്കളാണ്.

ലൊക്കേഷനുകളില്‍ ഉപയോഗിക്കാനായി കാരവനുകള്‍ വാടകയ്ക്ക് നല്‍കുന്ന സംഘം സംസ്ഥാനത്ത് സജീവമാണ്. രൂപമാറ്റം വരുത്തിയാണ് കാരവനുകളാക്കുന്നത്. എന്നാല്‍,​ ഭൂരിഭാഗവും നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാറില്ല. നിയപ്രകാരമുള്ള വാഹനമേതെന്ന് പലപ്പോഴും തിരക്കി ഉറപ്പാക്കാന്‍ സിനിമാ നിര്‍മാണ കമ്ബനികള്‍ക്കും കഴിയാറില്ല. കാരവന്‍ ഉടമകള്‍ തമ്മിലുള്ള കുടിപ്പകയില്‍ പരസ്പരം ഒറ്റും. മോട്ടോര്‍വാഹനവകുപ്പ് ലൊക്കേഷനില്‍ പരിശോധന നടത്തി വാഹനം പിടിച്ചെടുത്ത് പിഴയീടാക്കും. പിഴ നല്‍കേണ്ടത് ഉടമയാണെങ്കിലും ഷൂട്ടിംഗ് മുടങ്ങി നഷ്ടമുണ്ടാകുന്നത് നിര്‍മാതാവിനാണ്.

 പോര് കൂടി

കോട്ടയം, മൂന്നാര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് പരസ്പര പരാതികളെ തുടര്‍ന്ന് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് കാരവനുകള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് പലതവണ പിഴയീടാക്കിയിട്ടുണ്ട്. ജില്ലയിലെ ഒരു ലൊക്കേഷനില്‍ കാരവാന്റെ ചിത്രമടക്കം അയച്ചു നല്‍കാന്‍ ചാരന്‍മാരെ നിയോഗിച്ചത് കണ്ടെത്തിയെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ പറയുന്നു. അത്രയ്ക്കുണ്ട് വൈര്യത്തിന്റെ ആഴം.

 വന്‍ സംഘങ്ങള്‍

ലക്ഷങ്ങള്‍ മുടക്കിയാണ് വാഹനം കാരവനാക്കുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പിന്നീട് രൂപമാറ്റം ചെയ്യുകയാണ്. ലൊക്കേഷനിലേയ്ക്ക് മാത്രമായി രൂപപ്പെടുത്തുന്ന കാരവനുകളാണ് ഏറെയും. സ്വകാര്യ രജിസ്ട്രേഷനിലുള്ള കാരവന്‍ വാടകയ്ക്ക് കൊടുക്കുന്നതും നിയമ വിരുദ്ധമാണ്.

പ്രധാന തട്ടിപ്പുകള്‍

 അനുവാദം തേടാതെ രൂപമാറ്റം

 ആഡംബര തുക വെട്ടിക്കും

 നിയമാനുസൃത പെര്‍മിറ്റ് ലംഘനം

” കൃത്യമായി വാടക നിശ്ചയിച്ച്‌ ഷൂട്ടിംഗ് ആവശ്യമുള്ള ദിവസത്തേയ്ക്കാണ് കാരവന്‍ എടുക്കുന്നത്. പക്ഷേ, ഉടമകള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ബലിയാടാകുന്നത് ഞങ്ങളാണ്. പരിശോധനയില്‍ ഷൂട്ടിംഗ് പലപ്പോഴും മുടങ്ങുന്നു”

-ചലച്ചിത്ര പ്രവര്‍ത്തകര്‍

വിട്ടുവീഴ്ചയില്ല

” നിയമ ലംഘത്തിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട പണമാണ് നഷ്ടമാകുന്നത്. വിവരമറിഞ്ഞാല്‍ ആ നിമിഷം പരിശോധന നടത്തി പിഴയീടാക്കും. വിട്ടുവീഴ്ചയില്ല ”

– ടോജോ എം.തോമസ്, എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ

prp

Leave a Reply

*