അതിര്‍ത്തി സംഘര്‍ഷം; സൈന്യത്തിന് പൂര്‍ണ പിന്തുണ അര്‍പ്പിച്ചും, ചൈനീസ് പ്രകോപനത്തെ അപലപിച്ചും സംയുക്ത പ്രമേയം പാസ്സാക്കുന്നത് പരിഗണനയില്‍

ഡല്‍ഹി : അതിര്‍ത്തി സംഘര്‍ഷത്തില്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ അര്‍പ്പിച്ചും, ചൈനീസ് പ്രകോപനത്തെ അപലപിച്ചും സംയുക്ത പ്രമേയം പാസ്സാക്കുന്നത് പരിഗണനയില്‍. ഇതിനുള്ള സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ലോക്‌സഭയിലും രാജ്യസഭയിലും സംയുക്തപ്രമേയം കൊണ്ടു വരിക എന്ന നിര്‍ദേശം കേന്ദ്രം പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്.

അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ച്‌ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തിയിരുന്നു. അതിര്‍ത്തി തര്‍ക്കത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നായിരുന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ച നടത്തുന്നത് അനുചിതമാകുമെന്നും, സൈന്യത്തിന് പൂര്‍ണ പിന്തുണ അര്‍പ്പിച്ച്‌ പാര്‍ലമെന്റ് പ്രമേയം പാസ്സാക്കുകയാണ് വേണ്ടതെന്നായിരുന്നു മുതിര്‍ന്ന മന്ത്രിമാര്‍ നിലപാടെടുത്തത്.

അതിനിടെ ലഡാക്ക് അതിര്‍ത്തിയിലെയും, പാങ്‌ഗോംഗ് ത്സോ തീരത്തെയും ചൈനീസ് സൈനീക നീക്കങ്ങള്‍ വെറും പുകമറ മാത്രമാണെന്നാണ് മുതിര്‍ന്ന പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. ചൈനയുടെ യഥാര്‍ത്ഥ ലക്ഷ്യം ഡെപ്‌സാംഗ് സമതലം കൈവശപ്പെടുത്തുകയാണെന്നാണ് നിഗമനം. ഇതുസംബന്ധിച്ച്‌ കേന്ദ്ര സുരക്ഷാ ഏജന്‍സികളും കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമതലമേഖലയായ ഡെപ്‌സാംഗ് പിടിച്ചെടുക്കുക വഴി സൈനിക തലത്തില്‍ ഇന്ത്യയുടെ മേല്‍ ചൈനയ്ക്ക് മേല്‍ക്കൈ നേടാന്‍ സാധിക്കും. മറ്റിടങ്ങളില്‍ സംഘര്‍ഷ സാഹചര്യം സൃഷ്ടിച്ച്‌ ഇന്ത്യന്‍ സേനകളുടെ ശ്രദ്ധ തിരിച്ച ശേഷം ഡെപ്‌സാംഗില്‍ മുന്നേറ്റം നടത്തുകയാണ് ചൈനീസ് പദ്ധതിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം.

prp

Leave a Reply

*