ആര്‍ക്കുവേണമെങ്കിലും വോട്ടും ചെയ്യാം, പക്ഷേ യു ഡി എഫിനും എല്‍ ഡി എഫിനും കൊടുക്കരുത്; തലശ്ശേരിയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശമെത്തി

തലശ്ശേരി: സ്വന്തം സ്ഥാനാര്‍ത്ഥിയില്ലാത്ത തലശ്ശേരിയില്‍ ആര്‍ക്കുവേണമെങ്കിലും വോട്ടു ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി ബി.ജെ.പി നേതൃത്വം. എന്നാല്‍ എല്‍.ഡി.എഫിനോ യു.ഡി.എഫിനോ വോട്ടു ചെയ്യരുതെന്നും പ്രവര്‍ത്തകരോടും അനുഭാവികളോടും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി നേതാവ് സി.ഒ.ടി. നസീര്‍ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് ബി.ജെ.പി പുതിയ തീരുമാനമെടുത്തത്.

ബി.ജെ.പി പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ച്‌ നശിപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് സി.പി.എമ്മെന്നും സംഘടനാപരമായി ഇല്ലാതാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് കുറ്റപ്പെടുത്തി. അതിനാലാണ് ഇരുപാര്‍ട്ടികളുടെയും മുന്നണികള്‍ക്കെതിരായ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നസീറിനെ കൂടാതെ എല്‍.ഡി.എഫ്, യു.ഡി.എഫ്, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും രണ്ട് സ്വതന്ത്രരുമാണ് മത്സരരംഗത്തുള്ളത്. മനസ്സാക്ഷിവോട്ടു ചെയ്യാനും നോട്ടയ്ക്ക് വോട്ടുചെയ്യാനും നിര്‍ദേശിക്കുന്നത് വിമര്‍ശനത്തിനിടയാക്കുമെന്ന അഭിപ്രായം ബി.ജെ.പി.യിലുണ്ടായി. തുടര്‍ന്നാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും എതിരായി വോട്ടുചെയ്യണമെന്ന് തീരുമാനിച്ചത്.

പത്രികയില്‍ ബി.ജെ.പി അദ്ധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതാണ് തലശ്ശേരിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസിന്റെ പത്രിക തള്ളാന്‍ കാരണം. കണ്ണൂര്‍ ജില്ലാ പാര്‍ട്ടി അദ്ധ്യക്ഷന്‍ കൂടിയാണ് ഹരിദാസ്. കണ്ണൂരില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഡമ്മി സ്ഥാനാര്‍ത്ഥിയിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. 2016ല്‍ 22,125 വോട്ടാണ് ഈ മണ്ഡലത്തില്‍ ബി.ജെ.പി നേടിയിരുന്നത്. ഇതോടെയാണ് സി.ഒ.ടി നസീറിനെ പിന്തുണക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. എന്നാല്‍ ആദ്യം ബി.ജെ.പിയുടെ പിന്തുണ സ്വീകരിച്ച അദ്ദേഹം പിന്നീട് നിലപാട് മാറ്റി. ഇതോടെ ആര്‍ക്ക് പിന്തുണ നല്‍കുമെന്ന പ്രശ്‌നം ബി.ജെ.പിയില്‍ ഉയരുന്നത്.

prp

Leave a Reply

*