2025 ഒാടെ ഭാരതത്തിലെ ഓരോ തരി മണ്ണും ആര്‍.എസ്​.എസ്​ നിയന്ത്രണത്തിലാകുമെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്​: ഭാരതത്തിലെ ഒരോ മണല്‍ത്തരിയും 2025 ആവുമ്പോഴേക്കും ആര്‍. എസ്. എസ് നിയന്ത്രണത്തിലാകുമെന്ന്​ ബി.ജെ.പി നേതാവ്​ കെ.സുരേന്ദ്രന്‍. ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.​​

ഫേസ്​ബുക്ക്​ പോസ്റ്റി​​ന്‍റെ പൂര്‍ണരൂപം

”ബി. ജെ. പി വിജയം താല്‍ക്കാലികം മാത്രമാണെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണന്‍റേയും മറ്റും അറിവിലേക്കായിട്ടു മാത്രം പറയുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബി. ജെ. പിക്കുണ്ടായ നേട്ടം ഒരു സുപ്രഭാതത്തില്‍ ആഞ്ഞടിച്ച ഒരു തരംഗത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമുണ്ടായതല്ല. മൂന്നു നാലു പതിററാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രം പോലുള്ള സംഘടനകളും നിശബ്ദമായി നടത്തിയ നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് ഈ ഉജ്ജ്വലവിജയത്തിന് അടിത്തറ പാകിയത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുപോലും നിരവധി സംഘപ്രചാരകന്‍മാര്‍ ആ പ്രദേശങ്ങളില്‍ പോയി സ്വജീവിതം ഉഴിഞ്ഞുവെച്ചതിന്‍റെ ചരിത്രം ഒരുപക്ഷേ പുറംലോകത്തിന് ഒരു പുതിയ വാര്‍ത്തയായിരിക്കാം. ചില സംസ്ഥാനങ്ങളില്‍ പ്രാന്തപ്രചാരക് പദവിവരെ ഇന്നും വഹിക്കുന്നത് മലയാളികളാണ്. ഒരു മുതിര്‍ന്ന പ്രചാരകന്‍ തീവ്രവാദി ആക്രമണത്തില്‍ ബലിദാനിയായ സംഭവം പോലുമുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പല പ്രദേശങ്ങളും ഭാരതത്തിനു തന്നെ നഷ്ടമാവുമായിരുന്നു.

ഇന്ത്യന്‍ പട്ടികള്‍ പുറത്തുപോവുക എന്ന പരസ്യ ആഹ്വാനം മുഴങ്ങിയ നാഗാലാന്‍ഡില്‍ ഇന്നു ബി. ജെ. പി അധികാരം പിടിച്ചു എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. മോദി സര്‍ക്കാര്‍ വന്നതിനുശേഷം വികസനകാര്യത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കിയ വലിയ പ്രാധാന്യവും ഈ മാറ്റത്തിനു പിന്നിലുണ്ട്. മായാജാലവും കണ്‍കെട്ടും പണക്കൊഴുപ്പുമല്ല മറിച്ച്‌ നിശബ്ദമായി നിരന്തരമായി ചിട്ടയോടെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്‍റെ പ്രതിഫലമാണ് ജനങ്ങള്‍ തിരിച്ചുനല്‍കുന്നത്.

ബംഗാളിലെപ്പോലെ ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം ത്രിപുരയിലും സി. പി. എം തകരും എന്നുള്ളത് ഒരു അമിതവിശ്വാസമോ ദിവാസ്വപ്നമോ അല്ലെന്ന് കാലം തെളിയിക്കും. കാരണം 2025 ആവുമ്പോഴേക്കും സംഘപ്രസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും ഭാരതത്തിലെ ഓരോ തരി മണ്ണും. 2025 എന്നു പറഞ്ഞാല്‍ ആര്‍. എസ്. എസ് ആരംഭിച്ചതിന്‍റെ നൂറാം വര്‍ഷം”.

prp

Related posts

Leave a Reply

*