യതീഷ് ചന്ദ്രയ്ക്ക് പിണറായിയുടെ പ്രേതം കേറിയെന്ന് എ.എന്‍. രാധാകൃഷ്ണന്‍

പത്തനംതിട്ട: സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നതിനെ ചൊല്ലി നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി.

യതീഷ് ചന്ദ്ര ധിക്കാരപൂര്‍വമാണ് മന്ത്രിയോട് പെരുമാറിയത്. കറുത്തവനായത് കൊണ്ടാണോ എസ്പി മന്ത്രിയോട് ഇങ്ങനെ പെരുമാറിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ചോദിച്ചു. യതീഷ് ചന്ദ്രയുടെ പെരുമാറ്റത്തിനെതിരെ കേന്ദ്രആഭ്യന്തര വകുപ്പിന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

രമേശ് ചെന്നിത്തലയെ കണ്ടപ്പോള്‍ ഓച്ഛാനിച്ച്‌ നിന്ന ആളാണ് എസ്പി. കേന്ദ്രമന്ത്രിയെ കണ്ടപ്പോള്‍ കറുത്തവനായതുകൊണ്ട് അദ്ദേഹത്തോട് പരമമായ പുച്ഛം. ഇതെന്ത് നീതിയാണ്-രാധാകൃഷ്ണന്‍ ചോദിച്ചു. ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയാണ് ബിജെപിയെന്ന് ഓര്‍ക്കണം. ഈ തെമ്മാടിത്തരവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ല.

അടിയന്തരമായി ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മന്ത്രിയോട് ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരായ ഭക്തരോട് എസ്പി എങ്ങനെയാണ് പെരുമാറുക എന്നും രാധാകൃഷ്ണന്‍ ചോദിച്ചു.  യതീഷ് ചന്ദ്രയെ പിണറായി വിജയന്‍റെ പ്രേതം പിടികൂടിയിരിക്കുകയാണോ എന്നും രാധാകൃഷ്ണന്‍ പരിഹസിച്ചു. പിണറായിയെ കണ്ടുളള അഹങ്കാരവും ഹുങ്കുമാണ് എസ്പി പ്രയോഗിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല ദര്‍ശനത്തിന് എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സാധ്യമല്ലെന്ന് ഉറച്ച്‌ മുന്‍നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു പോലീസ്. നിലയ്ക്കലിന്‍റെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയാണ് ഇക്കാര്യം മന്ത്രിയെ അറിയിച്ചത്. വിഐപി വാഹനങ്ങള്‍ക്കു പോവാന്‍ അനുവാദമുണ്ടെന്നും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ വന്‍ ഗതാഗതക്കുരുക്കുണ്ടാവുമെന്ന് എസ്പി മന്ത്രിയെ അറിയിച്ചു.

എന്നിട്ടും സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടണമെന്ന് മന്ത്രി ആവശ്യപ്പെട്ടപ്പോള്‍, മന്ത്രി അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നായി എസ്പി. ഒടുവില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ഉത്തരവായി എഴുതി നല്‍കിയാല്‍ അനുസരിക്കാമെന്നും യതീഷ് ചന്ദ്ര മന്ത്രിയെ അറിയിച്ചു. ഇതിനിടയിലും എ.എന്‍.രാധാകൃഷ്ണന്‍ നേരെ തട്ടിക്കയറിയിരുന്നു. എന്നാല്‍ എസ്പിയും സംഘവും ഇതിനെ ചിരിച്ച്‌ തള്ളുകയായിരുന്നു.

prp

Related posts

Leave a Reply

*