ആലപ്പാട് സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തിന് പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രി ഇടപെടുന്നു. പതിനാറിന് തിരുവനന്തപരുത്ത് ഉന്നതതല യോഗം വിളിച്ചു. സമരത്തിന് ജനപിന്തുണ ഏറിവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടല്‍.

ആലപ്പാട്ടെ വിഷയങ്ങളെക്കുറിച്ച്‌ സര്‍ക്കാരിന് നല്ല ബോധമുണ്ടെന്നും വിശദമായി വരിശോധിച്ച്‌ സര്‍ക്കാര്‍ ഉചിത നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണെന്നും സമരസമിതി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. വ്യവസായ വകുപ്പ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍. തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കാനാവില്ല. ജനങ്ങള്‍ ആവശ്യമുന്നയിച്ചാല്‍ ചര്‍ച്ച വേണമല്ലോ. അതിനാല്‍ വ്യവസായ വകുപ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കും- മന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന്‍റെ കാലത്ത് പുലിമുട്ട് കെട്ടാന്‍ നടപടിയുണ്ടായെന്നും ടെന്‍ഡര്‍ ചെയത് ജോലി തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിഷയത്തില്‍ എല്‍ഡിഎഫില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് വന്നിരുന്നു. സിപിഐ എപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമാണ്. സമരം ന്യായമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ നടപടിയെടുക്കും. ഭൂമി നഷ്ടപ്പെടുന്നത് ഗൗരവമായ പ്രശ്‌നമാണ്, ജനങ്ങളുടെ അതിജീവനത്തിന്‍റെ പ്രശ്‌നവുമുണ്ട്. നിയമസഭ കമ്മിറ്റി ചില ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. അതെല്ലാം പരിശോധിച്ച്‌ സര്‍ക്കാര്‍ രമ്യമായ നടപടി സ്വീകരിക്കും- ജയരാജന്‍ പറഞ്ഞു.

നേരത്തെ, സര്‍ക്കാരിന്‍റെ എന്ത് തരത്തിലുള്ള ഇടപെടലും സ്വാഗതാര്‍ഹമാണെന്ന് വ്യക്തമാക്കിയ സമരസമിതി, ഖനനം നിര്‍ത്തിവച്ച ശേഷം ചര്‍ച്ചയാകാമെന്ന് നിലപാട് അറിയിച്ചിരുന്നു.

prp

Related posts

Leave a Reply

*