ഇത് ആയിഷ റെന്ന…ഡൽഹി പൊലീസിനെ ചൂണ്ടുവിരലിൽ നിർത്തിയ കൊണ്ടോട്ടിക്കാരി

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ തെരുവുകളില്‍ വിദ്യാർഥികള്‍ പ്രതിഷേധവുമായി രംഗത്തു വന്നപ്പോള്‍ ഏറ്റവും ശ്രദ്ധ നേടിയത് സഹപാഠിയെ തല്ലാന്‍ ശ്രമിക്കുന്ന പൊലീസിനെതിരെ വിരല്‍ ചൂണ്ടുന്ന പെണ്‍കുട്ടി ആയിഷത്ത് റെന്ന. പ്രക്ഷോഭത്തിന്‍റെ പോസ്റ്റർ ഗേളായി മാറിയ റെന്നയെ ചുറ്റിപ്പറ്റി വിവാദങ്ങളും കൊഴുക്കുന്നു. കത്തുന്ന സമരവീര്യത്തിന്‍റെ ഉത്തമ ഉദാഹരണമായി സമൂഹമാധ്യമങ്ങളില്‍ റെന്ന നിറയുമ്പോൾ ഊതിവീർപ്പിച്ച ബലൂൺ മാത്രമാണ് അവളെന്നു മറുപക്ഷം.

ഏതായാലും ഈ കൊണ്ടോട്ടി സ്വദേശി ഇന്ന് രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നു. ജാമിയ മിലിയയിൽ രണ്ടാം വര്‍ഷ എംഎ ഹിസ്റ്ററി വിദ്യാര്‍ഥിനിയാണ് റെന്ന. കൊണ്ടോട്ടി കാളോത്ത് സ്വദേശി. ഒഴുകൂര്‍ ജിഎം യുപി സ്‌കൂള്‍ അധ്യാപകന്‍ എന്‍.എം. അബ്ദുറഷീദിന്‍റെയും വാഴക്കാട് ചെറുവട്ടൂര്‍ സ്‌കൂള്‍ അധ്യാപിക ഖമറുന്നിസയുടെയും മകൾ.

ഐഎഎസ് സ്വപ്നം കണ്ടു കൊണ്ടു കൂടിയാണ് ആയിഷത്ത് ഡല്‍ഹിയിലെത്തിയത്. കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പാസായ റെന്ന മലപ്പുറം സെന്‍റ്  ജെമ്മാസിലെ പ്ലസ്ടു പഠനത്തിന് ശേഷം ഫാറൂഖ് കോളെജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ഏക സഹോദരന്‍ മുഹമ്മദ് ശഹിന്‍ ഡല്‍ഹിയില്‍ സ്വന്തമായി കച്ചവടം നടത്തുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന മലയാളികളായ ഷഹീന്‍ അബ്ദുള്ളയ്ക്കും ലദീദയ്ക്കും പൊലീസ് മര്‍ദനമേറ്റപ്പോഴായിരുന്നു പൊലീസിനെതിരെ വിരല്‍ ചൂണ്ടി ആയിഷ പ്രതികരിച്ചത്. ശ്വാസതടസം നേരിട്ട വിദ്യാര്‍ഥിനിയുമായി പുറത്തേക്കു പോകാന്‍ തയാറെടുക്കുമ്പോഴാണ് പൊലീസ് തങ്ങളെ വളഞ്ഞിട്ട് മര്‍ദിച്ചതെന്ന് ആയിഷ പറഞ്ഞിരുന്നു.

എന്നാൽ പൊലീസിനു നേർക്കു കല്ലെറിഞ്ഞ വ്യക്തിയെയാണ് ആയിഷയും മറ്റു സുഹൃത്തുക്കളും ചേർന്നു സഹായിച്ചതെന്ന്  ചിലർ. ആയിഷയും മാധ്യമ പ്രവർത്തക ബർഖാ ദത്തുമായുള്ള ചിത്രങ്ങൾ പുറത്തുവിട്ട് എതിർപക്ഷവും നിലകൊള്ളുന്നു. ആയിഷയുടെ ഭര്‍ത്താവ് സി.എ. അഫ്സല്‍ റഹ്മാന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ്. ഭര്‍ത്താവിന്‍റെ മാധ്യമ ബന്ധങ്ങളാണ് റെന്നയുടെ പ്രശസ്തിക്കു കാരണമെന്നും ചിത്രവും പ്രചാരണവും ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും അവർ.

courtsey content - news online
prp

Leave a Reply

*