കോഴിക്കോട്: ശബരിമല വിഷയം സംബന്ധിച്ച സമരം ശക്തമാക്കാന്‍ കോഴിക്കോട് ചേര്‍ന്ന ബിജെപി നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്താനും തീരുമാനമായി. അമിത് ഷായുടെ വരവിന് മുന്നോടിയായി സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്ന് എത്തും.
കേരളസര്‍ക്കാര്‍ നിരോധനാജ്ഞ പിന്‍വലിക്കുന്നതു വരെ നിലയ്ക്കലില്‍ ബിജെപി നടത്തുന്ന സമരം തുടരാനും പാര്‍ട്ടി യോഗം തീരുമാനിച്ചു. ശബരിമല വിഷയം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് അമിത് ഷാ കേരളസന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
സമരത്തില്‍നിന്ന് ബിജെപി പിന്നോട്ടു പോകുന്നതായി പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് സമരം ശക്തമാക്കാനും ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്താനും തീരുമാനിച്ചിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും എതിര്‍പ്പിനിടയാക്കുകയും ചെയ്തു. ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടേത് ഗാന്ധിയന്‍ സമരമുറയാണെന്നും ശബരിമല വിഷയത്തില്‍ ഇതു പോരെന്നും ബിജെപി നേതൃയോഗത്തില്‍ അഭിപ്രായമുണ്ടായി.
കൂടാതെ, കെ. സുരേന്ദ്രനെതിരെ കേസുകള്‍ ചുമത്തിയതിന് എതിരായി സമരം ശക്തിപ്പെടുത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് അമിത് ഷായുടെ കേരള സന്ദര്‍ശന തീരുമാനം.