അര്‍ധരാത്രി കൊടുംതണുപ്പില്‍ 6 മണിക്കൂര്‍ സംഘട്ടനം

ന്യൂഡല്‍ഹി > ഗല്‍വാന്‍ നദീ താഴ്വരയില്‍ ചൈനീസ് സൈനികര് സ്ഥാപിച്ച ടെന്റ് മാറ്റാത്തതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് 20 ഇന്ത്യന് സൈനികരുടെ ജീവത്യാ​ഗത്തില് കലാശിച്ചത്. ടെന്റ് മാറ്റാമെന്ന് ജൂണ്‍ ആറിന് നടന്ന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. 15ന് ഇന്ത്യന്‍ പട്രോളിങ് സംഘം ടെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് സംഘട്ടനമുണ്ടായത്. കേണല്‍ സന്തോഷ് ബാബുവിനെ ലക്ഷ്യംവച്ച്‌ ചൈനീസ് സൈനികര്‍ ആക്രമണം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സമുദ്രനിരപ്പില്നിന്ന് 15,000 അടി ഉയരത്തിലുള്ള മേഖലയില് തിങ്കളാഴ്ച രാത്രി സംഘട്ടനം നീണ്ടത് ആറുമണിക്കൂര്. തോക്കിനു പകരം കല്ലുകളും ആണിതറച്ച ദണ്ഡുകളും ആയുധമാക്കി. ഒന്നിലേറെ തവണ ഇരു ഭാഗത്തും കൂടുതല്‍ സൈനികര്‍ സംഘടിച്ചെത്തി. നിരവധിപേര്ക്ക് പരിക്കേറ്റു. സൈനികര്‍ നദിയില്‍ വീണത് സ്ഥിതി വഷളാക്കി. സുസജ്ജമായ നിലയില്‍ സൈനികരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം നടന്നത് ചൊവ്വാഴ്ച രാവിലെമാത്രം. ഗുരുതര പരിക്കേറ്റ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴ്ന്ന താപനിലയില്‍ കഴിയേണ്ടിവന്നത് മരണകാരണമായെന്ന് കരസേന ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഏറ്റുമുട്ടലില്‍ ചൈനയുടെ 45 സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തെന്നാണ് റിപ്പോര്ട്ടുകള്. മരണസംഖ്യ ചൈന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പരിക്കേറ്റ സൈനികരെ ചൈന മേഖലയില്‍നിന്ന് ഒഴിപ്പിച്ചു.

ലഡാക്കിലെ ഗല്‍വാനില്‍ ചൈനീസ് ആക്രമണത്തില്‍ മരിച്ച കേണല്‍ സന്തോഷ്ബാബുവിന്റെ മൃതദേഹം ഹൈദരാബാദില്‍ എത്തിച്ചപ്പോള്‍ അന്ത്യോപചാരമര്‍പ്പിക്കുന്ന കുടുംബാംഗങ്ങള്‍

വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍

1) കേണല്‍ ബി സന്തോഷ് ബാബു–- ഹൈദരാബാദ് (തെലങ്കാന)
2) നായ്ബ് സുബേദാര്‍ നുദുറാം സോറന്‍ –- മയൂര്‍ഭഞ്ജ് (ഒഡിഷ)
3) നായ്ബ് സുബേദാര്‍ മന്‍ദീപ് സിങ് –- പട്യാല (പഞ്ചാബ്)
4) നായ്ബ് സുബേദാര്‍ സത്നാം സിങ് –- ഗുരുദാസ്പുര്‍ (പഞ്ചാബ്)
5) ഹവില്‍ദാര്‍ കെ പളനി –- മധുര (തമിഴ്നാട്)
6) ഹവില്‍ദാര്‍ സുനില്‍കുമാര്‍ –- പട്ന (ബി​ഹാര്)
7) ഹവില്‍ദാര്‍ ബിപുല്‍ റോയ് –- മീറത്ത് (ഉത്തര്പ്രദേശ്)
8) നായ്ക് ദീപക് കുമാര്‍ –- റേവ (മധ്യപ്രദേശ്)
9) ശിപായി രാജേഷ് ഓറങ് –- ബിര്‍ഭൂം (പശ്ചിമ ബം​ഗാള്)
10) ശിപായി കുന്ദന്‍ കുമാര്‍ ഓജ –- സാഹിബ്ഗഞ്ച് (ജാര്ഖണ്ഡ്)
11) ശിപായി ഗണേഷ് റാം –- കണ്‍കര്‍ (ഛത്തീസ്​ഗഢ്)
12) ശിപായി ചന്ദ്രകാന്ത പ്രഥാന്‍ –- കന്ദമാല്‍ (ഒഡിഷ)
13) ശിപായി അങ്കുഷ് –- ഹമീര്‍പുര്‍ (​​ഹിമാചല്പ്രദേശ്)
14) ശിപായി ഗുര്‍ബിന്ദര്‍ –- സംഗ്രൂര്‍ (പഞ്ചാബ്)
15) ശിപായി ഗുര്‍തേജ് –- മാന്‍സ (പഞ്ചാബ്)
16) ശിപായി ചന്ദന്‍ കുമാര്‍ –- ഭോജ്പുര്‍ (ബി​ഹാര്)
17) ശിപായി കുന്ദന്‍ കുമാര്‍ –- സഹാര്‍സ (ബിഹാര്)
18) ശിപായി അമന്‍ കുമാര്‍–- സമസ്തിപുര്‍ (ബിഹാര്)
19) ശിപായി ജയ് കിഷോര്‍ സിങ് –- വൈശാലി (ബിഹാര്)
20) ശിപായി ഗണേഷ് ഹാന്‍സ്ദ –- ഇസ്റ്റ് സിങ്ഭൂം (ജാര്ഖണ്ഡ്)

ഇന്ത്യക്ക് തെറ്റിദ്ധാരണ: ചൈനീസ് പത്രം
ഇന്ത്യയുടെ രണ്ട് തെറ്റിദ്ധാരണയില്‍നിന്നാണ് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതെന്ന് ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ്. “അമേരിക്ക തന്ത്രപരമായ സമ്മര്‍ദം തുടരുന്നതിനാല്‍ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യ കരുതുന്നു, ചൈനയേക്കാള്‍ വലിയ സൈനികശക്തിയാണ് തങ്ങളെന്ന് ഇന്ത്യയിലെ ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.’ ഈ രണ്ട് തെറ്റിദ്ധാരണകള്‍ ഇന്ത്യന് നിലപാടിനെ സ്വാധീനിക്കുന്നതായി പത്രം മുഖപ്രസംഗത്തില്‍ വാദമുയര്ത്തി.

“ചൈന ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല. അതിര്‍ത്തിതര്‍ക്കം സമാധാനപരമായി പരിഹരിക്കാമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ–-ചൈന ബന്ധത്തില്‍ അമേരിക്കയ്ക്ക് പരിമിതമായ പങ്ക് മാത്രമേയുള്ളൂവെന്ന് ന്യൂഡല്‍ഹി തിരിച്ചറിയണം. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാകുന്ന സാഹചര്യം ചൂഷണത്തിനായി അമേരിക്ക ഉപയോഗിക്കും. ഏറ്റുമുട്ടലുകളിലേക്ക് നീങ്ങാന്‍ ചൈന ആഗ്രഹിക്കുന്നില്ല. സംഘര്‍ഷങ്ങളെ ഭയക്കുന്നില്ല. ഗല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ ഇരുപക്ഷത്തും ആള്‍നാശത്തിന് കാരണമായി. നിരന്തരമായി ഉണ്ടാകുന്ന ഉരസലുകള്‍ നിയന്ത്രണാതീതമായി മാറിയേക്കാമെന്ന് ഇത് വ്യക്തമാക്കുന്നു. സംഭവത്തിനുശേഷം ഇരു സൈനികനേതൃത്വവും സംയമനം പാലിച്ചത് ശ്രദ്ധേയം. സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാന്‍ കഴിയുമെന്നതിന്റെ സൂചനയാണിത്. ഇരു സൈന്യത്തിന്റെയും നേതൃത്വങ്ങള്‍ തമ്മിലുണ്ടാക്കിയ കരാറില്‍ മുറുകെപ്പിടിക്കണം’–-മുഖപ്രസംഗത്തില്‍ പറഞ്ഞു.

സമാധാനപരമായ പരിഹാരത്തില്‍ യോജിപ്പെന്ന് ചൈന
ഇന്ത്യയുമായുള്ള അതിര്‍ത്തിത്തര്‍ക്കം സമാധാനപരമായി പരിഹരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചൈന. വിഷയം ചര്‍ച്ചയിലൂടെയും കൂടിയാലോചനയിലൂടെയും പരിഹരിക്കണമെന്ന കാര്യത്തില്‍ ഇരുഭാഗത്തിനും യോജിപ്പാണെന്ന് വിദേശമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിനുശേഷം ചൈനയുടെ വിദേശമന്ത്രാലയ വക്താവ് ഷൗ ലിജ്യാന്‍ വ്യക്തമാക്കി. ജയപരാജയങ്ങള്‍ ചര്‍ച്ചചെയ്ത് സംഘര്‍ഷം വഷളാകുന്നത് ഒഴിവാക്കാന്‍ ചൈനയുടെ ഭാഗത്തെ ആള്‍നാശം വ്യക്തമാക്കാതെയാണ് ചൈനീസ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സംഘര്‍ഷത്തില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. സംയമനം പാലിക്കാന്‍ ഇരുപക്ഷത്തോടും യുഎന്‍ അഭ്യര്‍ഥിച്ചു. റഷ്യയും അമേരിക്കയും സംഘര്‍ഷത്തില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വീക്ഷിക്കുകയാണെന്നും ഇരുരാജ്യവും സമാധാനപരമായി പരിഹരിക്കുമെന്ന് പ്രത്യാശിക്കുന്നതായും അമേരിക്ക പ്രതികരിച്ചു.

ഇത് യുദ്ധത്തിലേക്ക് നീങ്ങില്ലെന്നും എന്നാല്‍ അരനൂറ്റാണ്ടിലേറെ കാലത്തിനിടയിലെ ഏറ്റവും വലിയ സംഘര്‍ഷം എന്ന നിലയില്‍ പരിഹാരം എളുപ്പമല്ലെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യ–-ചൈനാ ബന്ധത്തിലും ഇന്‍ഡോ–-പസഫിക് മേഖലാ രാഷ്ട്രീയത്തിലും വഴിത്തിരിവായിരിക്കും ഇതെന്നും അമേരിക്കയിലെ വില്‍സണ്‍ സെന്ററിലെ ഏഷ്യാ പ്രോഗ്രാം ഡയറക്ടര്‍ അബ്രഹാം ഡെന്മാര്‍ക് പറഞ്ഞു.

prp

Leave a Reply

*