കൊല്ലത്ത് പതിനാറുകാരി മരിച്ചത് ദുർമന്ത്രവാദത്തിനിടെയെന്ന് പൊലീസ്

കൊല്ലം: കൊല്ലം മുതിരപ്പറമ്പ് സ്വദേശിനിയായ പതിനാറുകാരി ചികിത്സ കിട്ടാതെ മരിച്ചത് ദുർമന്ത്രവാദത്തിനിടെയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടിയുടെ പിതൃസഹോദരിമാരടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു.പെൺകുട്ടിയെ ലൈംഗികമായി പീഡിപിച്ചതിന് നേരത്തെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയടക്കം രണ്ടു പേർ പിടിയിലായിരുന്നു.

തിരുനെൽവേലി ആറ്റിൻകരയിലെ ഒരു ലോഡ്ജിൽ കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതിയാണ് പത്താംക്ലാസ് വിദ്യാർഥിയായിരുന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അധ്യാപകരും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടർന്നു പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ ന്യുമോണിയയാണു മരണ കാരണമെന്നു വ്യക്തമായി.

എന്നാൽ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപേ കുട്ടിക്ക് മതിയായ ആഹാരം ലഭിച്ചിരുന്നില്ലെന്നും ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെയും സുഹൃത്തിനെയും അറസ്റ്റു ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ദുർമന്ത്രവാദത്തിന് വിധേയാക്കിയരുന്നുവെന്ന് കണ്ടെത്തിയത്.

ഏഴുവർഷം മുൻപ് പെൺകുട്ടിയുടെ അമ്മ മരിച്ചു. അച്ഛൻ വിദേശത്തു ആയതിനാൽ പിതൃസഹോദരിമാർക്കൊപ്പമായിരുന്നു താമസം. അമ്മയുടെ പ്രേതബാധ പെൺകുട്ടിയുടെ ശരീരത്തിൽ പ്രവേശിക്കാറുണ്ടെന്ന അന്ധവിശ്വാസമായിരുന്നു ബന്ധുക്കൾക്ക്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് കടുത്ത പനിബാധിതയായ പെൺകുട്ടിയുമായി കുടംബാഗങ്ങൾ ബാധ ഒഴിപ്പിക്കാനുള്ള പ്രാർഥനയ്ക്കായി തമിഴ്‌നാട്ടിലെ വിവിധ തീർഥാടന കേന്ദ്രങ്ങളിലേക്ക് പോയി. ഇതിനിടെ രോഗം മൂർഛിച്ച് പതിനാറുകാരി മരിക്കുകയായിരുന്നു.

കൊട്ടിയം സ്വദേശി ബായി ഉസ്താദ് എന്നു അറിയപ്പെടുന്ന നൗഷാദിനെയും പെൺകുട്ടിയുടെ പിതൃ സഹോദരിമാരെയും അറസ്റ്റു ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകളാണ് മൂന്നുപേർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

prp

Leave a Reply

*